ജോസിന്റെ 'രണ്ടില" ചർച്ച ചെയ്യാൻ സി.പി.എം

Thursday 03 September 2020 12:12 AM IST

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന്റെ ഔദ്യോഗിക ചിഹ്നവും പാർട്ടി പദവിയും ജോസ് കെ. മാണി വിഭാഗത്തിന് ലഭിച്ചതോടെ നാളെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്യും. അവിശ്വാസപ്രമേയ ചർച്ചയിൽ നിന്നും രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്ന ജോസ് വിഭാഗത്തെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി മുഖപത്രത്തിൽ ലേഖനമെഴുതിയിരുന്നു. ജോസ് നിലപാട് വ്യക്തമാക്കിയാൽ ചർച്ചയാകാമെന്ന സൂചനയും അദ്ദേഹം നൽകി.

നിയമസഭയിലെ ജോസ് വിഭാഗത്തിന്റെ യു.ഡി.എഫ് വിരുദ്ധ നിലപാടിനെതിരെ ശക്തമായ വികാരമാണ് കെ.പി.സി.സി രാഷ്‌ട്രീയകാര്യസമിതി യോഗത്തിലുണ്ടായത്. ഇതേത്തുടർന്ന് അവരെ മുന്നണിയിൽ നിന്ന് പുറത്താക്കുമെന്ന സൂചനയും കോൺഗ്രസ് നൽകി. ഇതിന്റെ ചർച്ചയ്ക്കായി യു.ഡി.എഫ് യോഗം ഇന്ന് നിശ്ചയിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി വന്നത്. തുടർന്ന് കോൺഗ്രസിന് വീണ്ടുവിചാരമുണ്ടായതിനെ തുടർന്ന് മുന്നണിയോഗം മാറ്റിയിരുന്നു. ദേശീയതലത്തിൽ യു.പി.എയുടെ ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മിന്റെ പിതൃത്വം ജോസ് വിഭാഗത്തിന് ലഭിച്ചത് യു.ഡി.എഫിനെയും ആശയക്കുഴപ്പത്തിലാക്കി.

എന്നാൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തർക്കത്തിന്റെ പേരിൽ ഏകപക്ഷീയമായി മുന്നണിയിൽ നിന്ന് പുറത്താക്കിയെന്ന വികാരം ജോസ് വിഭാഗം അണികളിലുണ്ട്. മുന്നണിയിൽ നിന്ന് പുറത്താക്കിയില്ലെന്ന് നേതാക്കൾ വിശദീകരിച്ചെങ്കിലും, പുറത്താക്കാനായി ഇന്ന് യോഗം നിശ്ചയിച്ചെന്ന മാദ്ധ്യമവാർത്തകൾ ജോസ് വിഭാഗം അണികളുടെ അമർഷം കൂട്ടി. സി.പി.എം കോട്ടയം നേതൃത്വവുമായി അനൗപചാരിക ചർച്ചകളും ജോസ് വിഭാഗം നടത്തിയെന്നാണ് വിവരം. ഈ പശ്ചാത്തലത്തിൽ കൂടിയാണ് സി.പി.എം സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യുന്നത്.

തിരഞ്ഞെടുപ്പ് കമ്മിഷൻ വിധി വന്നശേഷം കോൺഗ്രസിന് വീണ്ടുവിചാരമുണ്ടായത് ജോസ് വിഭാഗത്തിന്റെ വിലപേശൽ ശേഷി ഉയർത്തിയിട്ടുണ്ട്. ജോസിന്റെ വരവിനെതിരെ നിലപാടെടുത്ത സി.പി.ഐയുടെ സമീപനത്തിലും ആകാംക്ഷയുണ്ട്. ഈ സാഹചര്യത്തിൽ കാത്തിരുന്ന് കാണാമെന്ന സമീപനത്തിലാണ് ജോസ് വിഭാഗം.