യൂത്ത് കോൺഗ്രസ് വനിതാ നേതാവിന്റെ വീടിന് നേരേ ആക്രമണം

Thursday 03 September 2020 12:18 AM IST

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ലീനയുടെ തിരുവനന്തപുരം മുട്ടത്തറയിലെ വീടിന് നേരെ ആക്രമണം. ഇന്നലെ പുലർച്ചെ രണ്ടിന് നടന്ന ആക്രമണത്തിൽ വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു. ചില്ല് കൊണ്ട് ലീനയ്ക്കും മകൾക്കും സാരമായ പരിക്കേറ്റു. സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ലീന ആരോപിച്ചു. ബൈക്കിലെത്തിയ ഒരു സംഘമാണ് ആക്രമണം നടത്തിയതെന്നും അവർ വടി ഉപയോഗിച്ച് ജനൽ തകർക്കുകയായിരുന്നെന്നും ലീന പറഞ്ഞു. വീടിന് ചുറ്റും ലൈറ്റിട്ട് ലീനയും മകനും പുറത്തിറങ്ങിയപ്പോൾ അക്രമികൾ രക്ഷപ്പെട്ടു. തുടർന്ന് പൂന്തുറ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി കേസ് രജിസ്റ്റർ ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ലീനയുടെ വീട് ഇന്നലെ സന്ദർശിച്ചു. സംസ്ഥാനമൊട്ടാകെ സി.പി.എം ഗുണ്ടായിസം നടത്തുന്നത് ഭരണത്തിന്റെ തണലിലാണെന്നും അക്രമത്തെ ഉപാസിക്കുന്നവരാണ് കേരളം ഭരിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. വി.എസ്. ശിവകുമാർ എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.ശരത്ചന്ദ്ര പ്രസാദ്, ജനറൽ സെക്രട്ടറി തമ്പാനൂർ രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവരും ലീനയുടെ വീട് സന്ദർശിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്,യൂത്ത് കോൺഗ്രസ് പ്രവർത്തകർ സി.പി.എമ്മിന്റെ പി. കൃഷ്ണപിള്ള സ്മാരക ഓഫീസിലേക്ക് നടത്തിയ മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ എൻ.എസ്. നുസൂർ ഉദ്ഘാടനം ചെയ്തു.