'രണ്ടില" വച്ച് ജോസഫിനെ വെട്ടാൻ ജോസ് പക്ഷം

Thursday 03 September 2020 12:26 AM IST

കോട്ടയം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ 'രണ്ടില" ചിഹ്നം ആയുധമാക്കി ജോസഫ് വിഭാഗത്തെ അടിച്ചൊതുക്കാൻ കച്ചമുറുക്കി ജോസ്. ഇന്നലെ ഇടുക്കി ചെറുതോണിയിൽ ഭൂപ്രശ്‌നങ്ങളുന്നയിച്ച് പി.ജെ. ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ ധർണയുടെ ബാനറിൽ കേരള കോൺഗ്രസ് (എം) എന്നെഴുതിയത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി ലംഘനമെന്നാരോപിച്ച് ജോസ് വിഭാഗം ഡി.ജി.പിക്കും ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. ഇതേത്തുടർന്ന് സമരപ്പന്തലിലെ ബാനറിൽ 'എം" എന്ന ഭാഗം മറച്ചു.

കോട്ടയത്തെ ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പിൽ കേരളകോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിനെതിരെയും പൊലീസിൽ പരാതി നൽകി. പാർട്ടി പേരുപയോഗിക്കാൻ അനുവദിക്കാതെ ജോസഫ് വിഭാഗം അനുയായികളെ തങ്ങൾക്കൊപ്പമെത്തിക്കാനുള്ള ജോസിന്റെ തന്ത്രം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയിലാണെടുത്തത്.

ചതയദിന ആശംസയിൽ ഗുരുദേവ ചിത്രത്തോടൊപ്പം സജി മഞ്ഞക്കടമ്പിൽ കേരളകോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എന്നുയോഗിച്ചതിനെതിരെയാണ് ജോസ് വിഭാഗം പരാതി നൽകിയത്.

 ജോസിനെ കൊണ്ടുവരാൻ ആരും ശ്രമിക്കുന്നില്ല: ജോസഫ്

ഇടുക്കിയിലെ ഭൂപ്രശ്നമുന്നയിച്ചുള്ള തങ്ങളുടെ സമരം പരാജയപ്പെടുത്താനാണ് ജോസ് വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷൻ വിധിയുടെ പേരിൽ പരാതി നൽകിയയെന്ന് പി.ജെ. ജോസഫ് പ്രതികരിച്ചു. ജോസിനെ യു.ഡി.എഫിൽ കൊണ്ടുവരാൻ ആരും ശ്രമം നടത്തുന്നില്ല. ജോസ് വിഭാഗം വിപ്പ് ലംഘനം നടത്തിയവരാണ്. ഘടക കക്ഷികൾ ജോസിനെ യു.ഡി.എഫിക്കെത്തിക്കാൻ ശ്രമിക്കുന്നില്ലെന്നും ജോസഫ് പറഞ്ഞു.