ഭക്ഷ്യസുരക്ഷാ പരിശോധന വിശ്രമത്തിൽ
ഓണം കഴിഞ്ഞപ്പോൾ സ്ക്വാഡുകൾ കളംവിട്ടു
കൊല്ലം: തിരുവോണം കഴിഞ്ഞതോടെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയാകെ നടത്തിവന്ന പരിശോധനകൾ നിലച്ചു. മൊബൈൽ ഫുഡ് സേഫ്ടി ലാബും നിയോജകമണ്ഡലം അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന ഭക്ഷ്യസുരക്ഷാ ലാബുകളും രണ്ട് ദിവസമായി വിശ്രമത്തിലായത്.
സെപ്തംബർ ആദ്യവാരം വരെ പരിശോധനകൾ തുടരണമെന്നായിരുന്നു നിർദേശമെങ്കിലും തിരുവോണദിവസം ഉച്ചയോടെ ജില്ലയിലെ പരിശോധനകൾ അവസാനിച്ചെന്നതാണ് വാസ്തവം. ഓണക്കാലത്ത് ജില്ലയിലെത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാനും മായം കണ്ടെത്താനുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ ശക്തമാക്കിയത്.
പാൽ, എണ്ണ, കുടിവെള്ളം എന്നിവയിൽ രാസവസ്തുക്കളോ കലർപ്പോ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും മറ്റ് സാമ്പിളുകൾ ശേഖരിക്കാനുമായി മൊബൈൽ ഫുഡ് സേഫ്ടി ലാബും ജില്ലയ്ക്ക് അനുവദിച്ചിരുന്നു. ജില്ലാ അതിർത്തികളും ആര്യങ്കാവ് ചെക്ക് പോസ്റ്റും പ്രധാന മാർക്കറ്റുകളും കേന്ദ്രീകരിച്ചായിരുന്നു മൊബൈൽ ഫുഡ് സേഫ്ടി ലാബിന്റെ പ്രവർത്തനം.
മുൻ വർഷങ്ങളെ അപേക്ഷിച്ച് കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് എണ്ണയുടെയും പാലിന്റെയും വരവിൽ ഗണ്യമായ കുറവുണ്ടായിരുന്നു. ഇതാണ് ഇത്തവണ മായം അതിർത്തി കടക്കാതിരുന്നതിന് കാരണം.
അവധി ആലസ്യത്തിൽ
ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള മൂന്ന് സ്ക്വാഡുകളും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള മറ്റൊരു സ്ക്വാഡും ഓണക്കാല പരിശോധനയ്ക്ക് രംഗത്തുണ്ടായിരുന്നെങ്കിലും തിരുവോണ ദിവസം ഉച്ചയോടെ ഇവയെല്ലാം നിരത്തിൽ നിന്ന് പിൻവാങ്ങി. ജീവനക്കാർ ഓണാഘോഷങ്ങളിൽ മുഴുകുകയും മൂന്നാം ഓണം, ശ്രീനാരായണ ജയന്തി ദിനങ്ങൾ പൊതു അവധിയാകുകയും ചെയ്തതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ജില്ലയിൽ കാര്യമായ പരിശോധനകളൊന്നുമുണ്ടായില്ല. തിരുവോണ ദിവസം ഷെഡിൽ കയറിയ മൊബൈൽ ലാബും പിന്നീട് റോഡിലിറങ്ങിയില്ല. പരിശോധനകൾ ഇപ്പോഴും തുടരുന്നതായി ഭക്ഷ്യസുരക്ഷാവകുപ്പ് വെളിപ്പെടുത്തുമ്പോഴും പരിശോധനാസംഘങ്ങളെയൊന്നും റോഡിൽ കാണാനില്ല.
ഭക്ഷ്യസുരക്ഷ പേരിലൊതുങ്ങി
1. തിരുവോണ ശേഷം മായം കലർന്ന ഭക്ഷ്യവസ്തുക്കൾ കടത്തില്ലെന്ന വിശ്വാസം
2. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നിലയുറപ്പിച്ച് ക്ഷീരവികസന വകുപ്പിന്റെ പരിശോധനാസംഘം
3. പാൽ ഉത്പന്നങ്ങൾക്ക് ഡിമാന്റുള്ളതിനാൽ മായം കലരാൻ സാദ്ധ്യതയേറെ
4. ജില്ലാ കളക്ടർ രൂപീകരിച്ച റവന്യൂ- പൊലീസ്, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനാ സംഘവും തിരുവോണദിവസം വഴിപിരിഞ്ഞു
5. കൊവിഡ് പശ്ചാത്തലത്തിൽ ജീവനക്കാർക്ക് മറ്റ് ചുമതലകൾ
''
ഓണത്തോടനുബന്ധിച്ച് പാൽ, വെളിച്ചെണ്ണ, പാം ഓയിൽ, കുടിവെള്ളം എന്നിവയുടെ നൂറ് കണക്കിന് സാമ്പിളുകൾ മൊബൈൽ ലാബിൽ പരിശോധിച്ചെങ്കിലും മായം കണ്ടെത്താനായില്ല.
മൊബൈൽ ഫുഡ് സേഫ്ടി
ലാബ് ഉദ്യോഗസ്ഥർ