ന​മ്പ​ര​ത്തി​ ​പാ​ലവും ​ ​ത​ട​യണയും വെറും നോക്കുകുത്തി

Friday 04 September 2020 12:00 AM IST
​ബി​ജെ​പി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ത​ട​യ​ണ​ ​പ്ര​ദേ​ശ​ത്ത് ​നടന്ന പ്ര​തി​ഷേ​ധം

കോങ്ങാട്: കേരളശ്ശേരി - കോങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നമ്പരത്തി പാലവും തടയണയും അധികൃതരുടെ അനാസ്ഥയിൽ നോക്കുകുത്തിയാകുന്നു. പ്രദേശത്തെ കുടിവെള്ളത്തിനും കാർഷികാവശ്യങ്ങൾക്കും ഉപകരിക്കേണ്ട തടയണ അടിയന്തരമായി നവീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്.

70 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച പാലത്തിന്റെ കൈവരികൾ കാലപ്പഴക്കത്തെ തുടർന്ന് തകർന്ന നിലയിലാണ്. പാലത്തിനടിയിലൂടെ ഒഴുകുന്ന തോടിനെ ആശ്രയിച്ചാണ് മലയമ്പാടം പാടശേഖരത്തിലെ 150 ഏക്കറോളം വരുന്ന സ്ഥലത്തെ കൃഷി പുരോഗമിക്കുന്നത്. പക്ഷേ, നാളിതുവരെ വെള്ളം സംഭരിക്കാൻ അധികൃതർ തയ്യാറാകാത്തതിനാൽ കർഷകർക്ക് തടയണയുടെ ഗുണം ലഭിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. വെള്ളം ലഭിക്കാതായതോടെ നെൽകൃഷി വരണ്ടുണങ്ങുന്ന അവസ്ഥയിലാണ്. എക്കർ കണക്കിന് സ്ഥലത്ത് ഇരുപ്പൂവൽ കൃഷിയിറക്കിയിരുന്ന ഇവിടെ നിലവിൽ ഒരുവിളപോലും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കാലവർഷം തിമിർത്തു പെയ്താൽ തോട് കരകവിഞ്ഞ് പാടത്തേക്ക് വെള്ളമെത്തും. മഴമാറിയാൽ കാര്യങ്ങൾ പഴയപടിയാകും. കാർഷികാവശ്യത്തിന് കുഴൽക്കിണർ കുഴിച്ച് വെള്ളം കണ്ടെത്തേണ്ട അവസ്ഥയിലാണ് കർഷകർ. മഴക്കാലത്തിന് ശേഷം ആവശ്യമായ വെള്ളം തടയണയിൽ സംഭരിക്കുകയും ഷട്ടർ സംവിധാനം ഒരുക്കുകയും ചെയ്താൽ പ്രശ്നം പരിഹരിക്കാം. വർഷങ്ങളായി ഇത് സംബന്ധിച്ച് നിരവധി നിവേദനങ്ങളും, പരാതികളും ബന്ധപ്പെട്ട അധികൃതർക്ക് നൽകിയിട്ടും ഫലമില്ലെന്ന് കർഷകർ പറയുന്നു.

 സമര മുഖത്ത് ബി.ജെ.പി

തടയണ ജനോപകാരപ്രദമാക്കണമെന്നാവശ്യപെട്ട് ബി.ജെ.പി കോങ്ങാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തടയണ പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി എം.കെ.രാമചന്ദ്രൻ, രാമകൃഷ്ണഗുപ്തൻ, മുരളി പെരിങ്ങോട് എന്നിവർ നേതൃത്വം നൽകി.

ചിത്രം : ബിജെപി കോങ്ങാട് പഞ്ചാ്യത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തടയണ പ്രദേശത്ത് എത്തി പ്രതിഷേധിക്കുന്നു