മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിക്ക് വൻ പ്രതികരണം
സംരംഭകരാകാൻ ആശയപ്പെരുമഴ
ഇതിനകം ലഭിച്ചത് 2,000ലേറെ അപേക്ഷകൾ
പദ്ധതി നടപ്പാക്കുന്നത് കെ.എഫ്.സിയിലൂടെ
കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ സ്വയം സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിക്ക്" ലഭിച്ചത് വൻ പ്രതികരണം. കേരള ഫിനാൻഷ്യൽ കോർപ്പറേഷനാണ് (കെ.എഫ്.സി) യോഗ്യരായവർക്ക് മാർഗനിർദേശവും വായ്പാ സഹായവും നൽകി പദ്ധതി നടപ്പാക്കുന്നത്.
ഇതിനകം 2,000ലേറെ അപേക്ഷകൾ കെ.എഫ്.സിക്ക് ലഭിച്ചു. ഇവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷന്റെ സഹകരണത്തോടെ പരിശീലനം നൽകും. 50 പേരുള്ള ആദ്യ ബാച്ചിന്റെ പരിശീലനം കഴിഞ്ഞമാസം നടന്നു. രണ്ടാം ബാച്ചിന്റെ പരിശീലനം പുരോഗമിക്കുന്നു.
ഭക്ഷ്യസംസ്‌കരണം, ഐ.ടി., റോബോട്ടിക്‌സ്, തെർമൽ സ്‌കാനർ നിർമ്മാണം, മൊബൈൽ ആപ്പ് വികസനം, കാർഷിക ഉപകരണ നിർമ്മാണം എന്നിങ്ങനെ സംരംഭകത്വ ആശയങ്ങളാണ് കെ.എഫ്.സിക്ക് ലഭിച്ചത്. സംരംഭകർക്ക് വായ്പാ സഹായത്തിനൊപ്പം വിദഗ്ദ്ധരുടെ മാർഗനിർദേശവും ലഭ്യമാക്കും. കെ.എഫ്.സി കണക്‌റ്റ് എന്ന ബ്രാൻഡിലായിരിക്കും ഇത്.
7% പലിശനിരക്കിൽ
₹50 ലക്ഷം വരെ വായ്പ
യോഗ്യരായ സംരംഭകർക്ക് 10 ശതമാനം പലിശയ്ക്ക് 50 ലക്ഷം രൂപവരെ വായ്പ കെ.എഫ്.സി നൽകും. പദ്ധതിയുടെ മൊത്തം ചെലവിന്റെ 90 ശതമാനം വരെയാണ് വായ്പ ലഭിക്കുക. മൂന്നു ശതമാനം പലിശ സർക്കാർ വഹിക്കും. ഫലത്തിൽ, പലിശനിരക്ക് ഏഴു ശതമാനമാകും.
5 വർഷം: ലക്ഷ്യം
5,000 യൂണിറ്റുകൾ
പ്രതിവർഷം ആയിരം യൂണിറ്റുകൾക്കാണ് സഹായം. അഞ്ചുവർഷത്തിനകം 5,000 പുതിയ ചെറുകിട-ഇടത്തരം യൂണിറ്റുകൾ തുടങ്ങുകയാണ് ലക്ഷ്യം. കൊവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്‌ടമായവർ, മടങ്ങിയെത്തിയ പ്രവാസികൾ എന്നിവർക്ക് തൊഴിൽ ലഭ്യമാക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്.