ഓപ്പൺ സർവകലാശാലയിൽ 17 ബിരുദ, 15 പി.ജി കോഴ്സുകൾ

Friday 04 September 2020 12:05 AM IST

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ തുടക്കത്തിൽ 17 ബിരുദ കോഴ്സുകളും 15 ബിരുദാനന്തര ബിരുദ കോഴ്സുകളുമുണ്ടാവും. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും നടത്തുന്ന ഓപ്പൺ, വിദൂര വിദ്യാഭ്യാസ കോഴ്സുകൾ ഒരുമിപ്പിക്കുന്നതിനാൽ മാനവിക, സയൻസ് വിഷയങ്ങളിൽ പുതിയ കോഴ്സുകളും ആരംഭിക്കാനാവും.

ആർട്സ് ആൻഡ് സയൻസ് സർവകലാശാലകളിൽ ഇനി വിദൂരവിദ്യാഭ്യാസ സെന്ററുകൾ ഉണ്ടാവില്ല. സർവകലാശാലാ ആസ്ഥാനത്ത് ഓരോ വിഷയത്തിനും ഫാക്കൽറ്റി ഉണ്ടാകും. സിലബസും കരിക്കുലവും നിശ്ചയിക്കുന്നതും പഠനസാമഗ്രികൾ തയ്യാറാക്കുന്നതും ഫാക്കൽറ്റിയാകും. ക്രെഡിറ്റ് സമ്പ്രദായത്തിലാകും കോഴ്സ്. വിവിധ സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ അദ്ധ്യാപകരെയും ജീവനക്കാരെയും ഇവിടേക്ക് മാറ്റും. നോട്ടുകൾ തയ്യാറാക്കൽ, വീഡിയോ ക്ലാസ് ഒരുക്കൽ, പരീക്ഷയും മൂല്യനിർണയവും കൃത്യസമയത്ത് പൂർത്തിയാക്കൽ എന്നിവ ഇതോടെ കാര്യക്ഷമമാകും.