ഡോ. വി.ശ്രീകുമാർ നിര്യാതനായി

Thursday 03 September 2020 11:22 PM IST

തിരുവനന്തപുരം: ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസി.ഡയറക്ടർ പോങ്ങുംമൂട് ബാപ്പുജി നഗറിൽ ഡോ.വി. ശ്രീകുമാർ (72) നിര്യാതനായി. ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലിരിക്കെ ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു അന്ത്യം.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തുടക്കകാലം മുതൽ ഇൻസ്റ്റിറ്റ്യൂട്ട് അംഗമായിരുന്നു. 1970കളിൽ റിസർച്ച് ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. അസി.ഡയറക്ടറായി 2003ലാണ് വിരമിച്ചത്.

ഭാര്യ: എസ്. വിജയം (റിട്ട.അസി.ഡയറക്ടർ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്). മകൾ: അമ്മു. മരുമകൻ: വിധു (ഇരുവരും ചൈനയിൽ സോഫ്റ്റ്‌വെയ‌ർ എൻജിനിയർ). സംസ്കാരം ശാന്തികവാടത്തിൽ നടന്നു.

ഭാഷയുടെയും പുസ്തകങ്ങളുടെയും പ്രസിദ്ധീകരണ വിതരണരംഗത്ത് വലിയ സംഭാവനകൾ നൽകിയിട്ടുള്ള ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് കമ്പ്യൂട്ടർ സാക്ഷരതയെപ്പറ്റിയുള്ള മലയാളത്തിലെ ആദ്യ പുസ്തകങ്ങൾ പുറത്തിറങ്ങിയത്. കേരളത്തിലെ പുസ്തക പ്രസാധകരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കെമിക്കൽ എൻജിനിയറിംഗ് പൂർത്തിയാക്കിയ ശേഷമാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനങ്ങളിൽ പങ്കാളിയായത്.

1970കളിൽ ശാസ്ത്ര, സാഹിത്യ പരിഷത്തിന്റെ സുവർണകാലഘട്ടത്തിൽ മാതൃഭാഷയിൽ ശാസ്ത്ര പുസ്തകങ്ങളുണ്ടാകണമെന്ന ഉറച്ച ബോദ്ധ്യവുമായാണ് ശ്രീകുമാറും സുഹൃത്തുക്കളും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റോറിയൽ ബോർഡിലെത്തുന്നത്. പുസ്തകം വായിക്കുന്ന വരുമാനമില്ലാത്ത ചെറുപ്പക്കാർക്ക് സ്വന്തം ശേഖരത്തിലെ പുസ്തകങ്ങളും മസാലദോശയും വാങ്ങിനൽകുന്ന വായനാസ്നേഹി കൂടിയായിരുന്നു ശ്രീകുമാർ. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകമേളകളിലും സജീവസാന്നിദ്ധ്യമായിരുന്നു. വിശാലമായ സൗഹൃദകൂട്ടായ്മകളിലും അംഗമായിരുന്നു.