വെഞ്ഞാറമൂട്ടിലെ കൊലപാതകത്തിന് ബാലറ്റിലൂടെ പകരംവീട്ടണം: കോടിയേരി

Thursday 03 September 2020 11:33 PM IST

വെഞ്ഞാറമൂട്: തേമ്പാംമൂട്ടിൽ രണ്ട് ഡി.വെെ.എഫ്.വെെ പ്രവർത്തകരെ കൊലപ്പെടുത്തിയ കോൺഗ്രസിനെതിരെ ബാലറ്റിലൂടെ പകരം വീട്ടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. കൊലചെയ്യപ്പെട്ട ഹക്ക് മുഹമ്മദിന്റെയും മിഥിലാജിന്റെയും കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്തസാക്ഷികളെ അപമാനിക്കുന്ന പരാമർശങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. പെരിയ കൊലപാതകത്തിന് പകരമായി കോൺഗ്രസ് ആസൂത്രണം ചെയ്ത കൊലപാതകമാണ് ഇത്. ഹക്ക് മുഹമ്മദിന്റെയും മിഥിലാജിന്റെയും കുടുംബത്തിന്റെ പൂർണ സംരക്ഷണം പാർട്ടി ഏറ്റെടുക്കും. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കുള്ള എല്ലാ സഹായങ്ങളും പാർട്ടി ചെയ്യുമെന്നും കോടിയേരി പറഞ്ഞു. ആനത്തലവട്ടം ആനന്ദൻ, ഡി.കെ. മുരളി.എം.എൽ.എ എന്നിവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.