കരുവാറ്റയിൽ സഹ.ബാങ്കിൽ നിന്ന് 4 കിലോ സ്വർണവും 4 ലക്ഷവും കവർന്നു

Friday 04 September 2020 1:10 AM IST

 മുൻവശത്തെ വാതിലും ജനലും തകർത്ത നിലയിൽ

ഹരിപ്പാട്: ദേശീയപാതയിൽ കരുവാറ്റ ടി.ബി ജംഗ്ഷനു സമീപമുള്ള സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ലോക്കറിൽ നിന്ന് നാലു കിലോ സ്വർണവും നാലു ലക്ഷം രൂപയും കവർന്നു. നാ​ല് ദി​വ​സ​ത്തെ അ​വ​ധി​ക്ക് ശേ​ഷം ഇന്നലെ രാവിലെ സെക്രട്ടറി ബാങ്ക് തു​റക്കാനെത്തിയപ്പോഴാണ് പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ പരിശോധനയിലാണ് വൻ കവർച്ച വെളിപ്പെട്ടത്.

ബാങ്കിന്റെ മുന്നിലെ ജനലഴികൾ മുറിച്ചുമാറ്റിയ നിലയിലാണ്. വാതിലും കുത്തിത്തുറന്നിട്ടുണ്ട്. ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്‌ട്രോംഗ് റൂം തുറന്നു. സി.സി ടിവി ഹാർഡ് ഡിസ്‌കുകളും കമ്പ്യൂട്ടറുകളും ഉൾപ്പടെയുള്ളവ മോഷ്ടാക്കൾ കവർന്നതായി ബാങ്ക് പ്രസിഡന്റ് പ്രസാദ് പറഞ്ഞു. വാതിൽ അകത്തുനിന്നു പൂട്ടിയ ശേഷം ജനൽ വഴിയാണ് മോഷ്ടാക്കൾ പുറത്തിറങ്ങിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ജില്ലാ പൊലീസ് സൂപ്രണ്ട് പി.എസ്. സാബു, കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി, ഹരിപ്പാട് സി.ഐ ആർ.ഫയാസ് എന്നിവരുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി. വിരലടയാള വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ്, സയന്റിഫിക് വിദഗ്ദ്ധർ എന്നിവരും എത്തി.

കരുവാറ്റ ബാങ്കിൽ നടന്ന മോഷണത്തിലെ പ്രതികളെ കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.