ആരവമൊഴിഞ്ഞ സ്കൂളിൽ സ്റ്റാർട്ടും കട്ടുമായി അദ്ധ്യാപകർ

Saturday 05 September 2020 12:34 AM IST

കാസർകോട്: കുട്ടികൾക്ക് അദ്ധ്യാപകരും, അദ്ധ്യാപകർക്ക് കുട്ടികളും അടുത്തുണ്ട്. പക്ഷേ, വെള്ളിത്തിരയിലെ കഥാപാത്രങ്ങളെന്നപോലെ കമ്പ്യൂട്ടറിലും മൊബൈൽ സ്ക്രീനിലുമാണ് സാന്നിദ്ധ്യം. ആദ്യമായാണ് ഇത്തരത്തിലൊരു അദ്ധ്യാപകദിനം.

. പ്രിയപ്പെട്ടവർക്ക് ആശംസകളറിയിച്ചും അനുഭവങ്ങൾ പങ്കുവച്ചും ഇന്ന് അദ്ധ്യാപക ദിനം ആഘോഷിക്കുന്നതും ഓൺലൈനിൽ.

കുട്ടികൾക്ക് സന്തോഷം പകരുന്ന തരത്തിൽ ഏറ്റവും ലളിതമാവും ഇന്നത്തെ ഓൺലൈൻ ക്ലാസുകൾ. ഒന്നാം ക്ലാസുകാർക്കായി മലയാളം, കണക്ക്, ഏഴിലെ ഇംഗ്ലീഷ് ക്ലാസുകൾ തയ്യാറാക്കുന്ന തിരക്കിലാണ് അദ്ധ്യാപകരായ ചന്തേരയിലെ വിനയ ചന്ദ്രനും നോർത്ത് തൃക്കരിപ്പൂരിലെ സിന്ധുവും വെള്ളിക്കോത്തെ പ്രീതയും വലിയപറമ്പയിലെ റീനയും ഉദിനൂർ സെൻട്രലിലെ സന്തോഷും അടങ്ങുന്ന ഫസ്റ്റ് ബെൽ ടീം.

ഭിന്നശേഷി കുട്ടികൾക്കായുള്ള വൈറ്റ് ബോർഡിൽ രണ്ടാം ക്ലാസുകാർക്ക് ക്ലാസുകൾ തയ്യാറാക്കുന്നത് ജില്ലയിലെ ബി.ആർ. സി കളിലെ റിസോഴ്സ് ടീച്ചർമാരാണ്. അങ്കണവാടിയിലെ കൂട്ടുകാരും ഓൺലൈൻ വിദ്യാർത്ഥികളാണ്. ഇവർക്കായി ഓൺലൈൻ വഴി കഥകളും പാട്ടുകളുമൊക്കെയായി പഠനം ആഘോഷമാക്കുന്നു.എൽ. പി, യു. പി വിഭാഗങ്ങൾക്കായി വർക്ക് ഷീറ്റുകളുടെ കന്നട മീഡിയം ഷീറ്റുകൾ തയാറാക്കിയും ക്ലാസുകൾ നല്കിയും ഭാഷാ ന്യൂനപക്ഷ വിദ്യാർത്ഥികളെയും ഒപ്പം നിർത്തി. കുട്ടികൾക്ക് പാഠങ്ങൾ പറഞ്ഞു കൊടുക്കുന്നതിനൊപ്പം, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങൾക്ക് മാസ്‌കും സോപ്പും സാമൂഹിക അകലവും ശീലിപ്പിക്കാനും പാലിച്ചില്ലെങ്കിൽ ശാസിക്കാനും മാഷ് പദ്ധതിയിലൂടെ അധ്യാപകർ കൂടെയുണ്ട്.

'കുട്ടികളോട് നേരിട്ട് സംവദിക്കാത്ത വെർച്വൽ ക്ലാസ് മുറികളാണ് ഭാവിയിലെ അദ്ധ്യയനമെന്ന തിരിച്ചറിവുണ്ടായിരുന്നെങ്കിലും, ഇത്ര പെട്ടെന്നിത് സംഭവിക്കുമെന്ന് കരുതിയിരുന്നില്ല'.

-ബിജു രാജ്

ചെറുവത്തൂർ ബി. ആർ. സി

പ്രോഗ്രാം ഓഫീസർ