സ്വർണക്കടത്ത് കേസ്: പ്രതികളെ ചോദ്യംചെയ്യാൻ കസ്റ്റംസ് അനുമതി തേടി

Saturday 05 September 2020 12:57 AM IST

കൊച്ചി : സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി കെ.ടി. റമീസുൾപ്പെടെ ആറു പ്രതികളെ ജയിലിൽ ചോദ്യം ചെയ്യാൻ കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകി. ബംഗളൂരുവിൽ അറസ്റ്റിലായ ലഹരിമരുന്നു സംഘവുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നതിനാണ് ഇവരെ ചോദ്യം ചെയ്യുന്നതെന്ന് സൂചനയുണ്ട്. ബംഗളൂരുവിൽ പിടിയിലായ ലഹരിമരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ഫോണിൽ റമീസുൾപ്പെടെയുള്ളവരുടെ നമ്പരുണ്ടായിരുന്നു.

നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിൽ കസ്റ്റംസ് അറസ്റ്റുചെയ്ത രണ്ടാംപ്രതി കെ.ടി. റമീസിനു പുറമേ ആറാംപ്രതി മുഹമ്മദ് ഷാഫി, ഏഴാംപ്രതി ഹംജദ് അലി, എട്ടാംപ്രതി ഇ. സയ്ദ് അലവി, 15 -ാം പ്രതി പി.ടി. അബ്ദു, 16 -ാം പ്രതി ഹംസദ് അബ്ദുസലാം എന്നിവരെ ജയിലിൽ ചോദ്യംചെയ്യാൻ അനുമതി തേടിയാണ് കസ്റ്റംസ് സൂപ്രണ്ട് വി. വിവേക് എറണാകുളത്തെ സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ അപേക്ഷ നൽകിയത്. തിങ്കളാഴ്ച കോടതി പരിഗണിക്കും.

പ്രതികളുടെ മൊബൈലിൽ നിന്നുള്ളതും ഇവരുമായി ബന്ധപ്പെട്ടു മറ്റു ചിലരെ ചോദ്യംചെയ്തതിൽ നിന്ന് ലഭിച്ചതുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ അനുമതി തേടുന്നതെന്ന് കസ്റ്റംസിന്റെ അപേക്ഷയിൽ പറയുന്നു.