മത്തായിയുടെ മൃതദേഹത്തിൽ കാണാതെപോയ ഏഴ് പരിക്ക്

Saturday 05 September 2020 12:00 AM IST

പത്തനംതിട്ട: ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം സി.ബി.ഐ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും പോസ്റ്റുമോർട്ടം ചെയ്തപ്പോൾ ആദ്യം രേഖപ്പെടുത്താതിരുന്ന കൂടുതൽ മുറിവുകൾ കണ്ടെത്തിയെന്ന് സൂചന. കാൽമുട്ടിലെ ഒടിവും ചതവും ഉൾപ്പെടെ ഏഴ് മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇടത്‌ കൈമുട്ടിന് താഴെ പൊട്ടലുണ്ട്. തലയിലും മുറിവുകളുണ്ട്.

നേരത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമാേർട്ടത്തിൽ ഇവ സൂചിപ്പിച്ചിരുന്നില്ല.

ഇന്നലെ പത്തനംതിട്ട ജനറൽ ആശുപത്രിയിലായിരുന്നു റീ പോസ്റ്റുമോർട്ടം. സി.ബി.ഐ ഡിവൈ.എസ്.പിമാരായ ടി.പി.അനന്തകൃഷ്ണൻ, ആർ. എസ്.ഷെഖാവത്ത്, എ.ഡി.എം അലക്സ് പി.തോമസ് എന്നിവരും മത്തായിയുടെ കുടുംബാംഗങ്ങളും സ്ഥലത്തുണ്ടായിരുന്നു. രണ്ട് മണിക്ക് ആരംഭിച്ച റീപോസ്റ്റുമോർട്ടം വൈകിട്ട് 5.15ന് അവസാനിച്ചു. ഫോറൻസിക് വിദഗ്ദ്ധരായ ഡോ. പി.ബി. ഗുജറാൾ, ഡോ. ഉൻമേഷ്, ഡോ. പ്രസന്നൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റീപോസ്റ്റ്‌മോർട്ടം. 5.30ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

----------

കിണർ പരിശോധിച്ചു

മൃതദേഹം കാണപ്പെട്ട ചിറ്റാർ കുടപ്പനക്കുളത്തെ കുടുംബവീട്ടിലെ കിണർ സി.ബി.ഐ ഉദ്യോഗസ്ഥർ പരിശോധിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ റീ പോസ്റ്റുമോർട്ടത്തിന് ശേഷമാണ് സംഘം എത്തിയത്. റീപോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരും ഒപ്പമുണ്ടായിരുന്നു. രാത്രി എട്ടുമണിയോടെ എത്തിയ സംഘം മത്തായിയുടെ ബന്ധുക്കളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

--------------

  • ഇന്ന് സംസ്കരിക്കും

പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം ഇന്ന് രാവിലെ 9ന് വടശേരിക്കര അരീക്കകാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. പൊതുദർശനത്തിന് ശേഷം 1.30ന് വീട്ടിൽ ശുശ്രൂഷകൾ ആരംഭിക്കും. 3.30ന് കുടപ്പനക്കുളം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടക്കും. മരണം നടന്ന് മുപ്പത്തൊമ്പതാം ദിവസമാണ് സംസ്കാരം നടത്തുന്നത്.

വനത്തിലെ കാമറ മോഷണവുമായി ബന്ധപ്പെട്ട് ജൂലായ് 28 ന് വൈകിട്ട് നാലിന് ചോദ്യംചെയ്യാൻ വനപാലകർ പിടികൂടി കൊണ്ടുപോയ മത്തായിയുടെ മ്യതദേഹം പിന്നീട് കിണറ്റിൽ കാണപ്പെടുകയായിരുന്നു.