അദ്ധ്യാപകർക്ക് ആശംസകളുമായി മന്ത്രി സി.രവീന്ദ്രനാഥ്
Saturday 05 September 2020 12:30 AM IST
തിരുവനന്തപുരം: എല്ലാ അദ്ധ്യാപകർക്കും അദ്ധ്യാപകദിന ആശംസകൾ നേർന്ന് മന്ത്രി സി. രവീന്ദ്രനാഥ്. അദ്ധ്യാപകർ ആധുനികതയുടെയും മാനവികതയുടെയും വക്താക്കളാകണമെന്നും നല്ല തലമുറയെ വാർത്തെടുക്കണമെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.
അദ്ധ്യാപകന് കൃത്യമായ ബോധനശാസ്ത്രവും ബോധനരീതിയും ഉണ്ടാകണം. അറിവിന്റെ ചക്രവാളത്തിലേയ്ക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയാൽ മാത്രം പോരാ. സ്വയംചോദിക്കുവാനുള്ള സർഗ്ഗശേഷി കുട്ടിയിൽ വളർത്തി കുട്ടിയുടെ മനസ്സിനെ അന്വേഷണ ഭാവത്തിലേക്ക് നയിക്കണം.
അദ്ധ്യാപകന്റെ ജീവിതം തന്നെ കുട്ടികൾക്ക് പാഠപുസ്തകമാകണം. തലമുറകളെ സ്വപ്നം കാണുന്നവരാകണം അദ്ധ്യാപകരെന്നും മന്ത്രി പറഞ്ഞു.