കൊവിഡ് വ്യാപനം തടഞ്ഞെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പി.സി. വിഷ്ണുനാഥ്

Sunday 06 September 2020 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികൾ പതിനായിരമാകുമെന്ന് വിദഗ്‌ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും സർക്കാരിന്റെ മികച്ച പ്രവർത്തനത്തിലൂടെ അത് തടയാനായെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ വാസ്തവവിരുദ്ധവും തെറ്റിദ്ധിരിപ്പിക്കുന്നതുമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് പറഞ്ഞു. കേരളത്തിൽ പ്രതിദിനം 20,000 കേസുകളുണ്ടാവാനിടയുണ്ടെന്ന് ആഗസ്റ്റ് 13ന് ആരോഗ്യമന്ത്രി പറയുമ്പോൾ സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അഞ്ച് ശതമാനമായിരുന്നു. കൊവിഡ് നിയന്ത്രിച്ചെന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7 ശതമാനമായി ഉയർന്നു. പതിനായിരം കേസുകൾ കണ്ടെത്താൻ രണ്ട് ലക്ഷം ടെസ്റ്റു നടത്തണം. എന്നാൽ സംസ്ഥാനത്ത് കഴിഞ്ഞദിവസങ്ങളിൽ ശരാശരി 23,000 ടെസ്റ്റുകളാണ് നടന്നത്. കൊവിഡ് പ്രതിരോധത്തിൽ ആത്മാർത്ഥമായി പ്രവർത്തിച്ച ജൂനിയർ ഡോക്ടർമാരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് വിഷ്ണുനാഥ് ആവശ്യപ്പെട്ടു.