കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവം: വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു
പത്തനംതിട്ട: കൊവിഡ് രോഗിയായ യുവതിയെ ആംബുലൻസ് ഡ്രെെവർ പീഡിപ്പിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്തനംതിട്ട എസ് പിയോട് ആവശ്യപ്പെട്ടതായി ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ പറഞ്ഞു.
മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവത്തില്‍ പീഡനത്തിനിരയായ യുവതിക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നതാണ്. കൊവിഡ് രോഗികളായ സ്ത്രീകള്‍ക്ക് പ്രത്യേക സംരക്ഷണം വേണമെന്ന് ഈ സംഭവം ഓര്‍മിപ്പിക്കുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുന്നതിനു പുറമേ പ്രതിയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യാനും നിര്‍ദേശം നല്‍കുമെന്നും ജോസഫെെൻ വ്യക്തമാക്കി.
സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശെെലജയും പറഞ്ഞു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ഒരിക്കലം സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഈ വിഷയത്തിൽ എന്ത് കൊണ്ടാണ് വീഴ്ചയുണ്ടായതെന്ന് വിശദമായി അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡ്രൈവറെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ ഏജൻസിയോട് അടിയന്തരമായി ആവശ്യപ്പെട്ടതായും കെ കെ ശെെലജ പറഞ്ഞു.
സംഭവത്തിൽ 108 ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു. അടൂരില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടയിലാണ് പീഡനം നടന്നത്.