വീട്ടിൽ കൂടൊരുക്കാൻ എട്ടാം തവണയും വന്നെത്തി പെരുംതേനിച്ചകൾ

Monday 07 September 2020 12:15 AM IST
ജാഫർ കാഞ്ഞിരായിലിന്റെ വീടിന്റെ കോൺക്രീറ്റ് ഭിത്തിയിൽ പെരുതേനീച്ചകൾ കൂടുകെട്ടിയ നിലയിൽ

കാഞ്ഞങ്ങാട് : പട്ടാക്കൽ പിള്ളരേപീടികയിലെ താമസക്കാരനായ ജാഫർ കാഞ്ഞിരായിലിന്റെ വീടിന്റെ കോൺക്രീറ്റ് ഭിത്തിയിൽ പെരുതേനീച്ചകൾ തുടർച്ചയായ എട്ടാംവർഷവും വിരുന്നിനെത്തി.

2013 മുതൽ സ്ഥിരമായി എല്ലാ വർഷവും മുടങ്ങാതെ എത്തി വീടിന്റെ കോൺക്രീറ്റ് ഭിത്തിയിൽ കൂടൊരുക്കുന്ന പെരുംതേനീച്ചകളെ കൊണ്ട് ഇത് വരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു. തേൻ എടുക്കാത്തതു കൊണ്ടായിരിക്കാം എല്ലാ വർഷവും ഒരേ ഇടത്തിൽ തന്നെ വന്ന് കൂടു കൂട്ടുന്നതെന്ന് വീട്ടുകാർ പറയുന്നു.

കൂടുകൂട്ടി കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ കൂട് കാലിയാക്കി തേനീച്ചകൾ സ്വയം പറന്നു പോകുകയാണ് പതിവ്.

പെരുംതേനീച്ച

തേനീച്ച വർഗങ്ങളിൽ ഏറ്റവും അപകടകാരിയായ ഇനമാണിത്. ഉയരമുള്ള കെട്ടിടങ്ങൾ, പാറക്കെട്ടുകൾ, വൻമരങ്ങൾ മുതലായ സ്ഥലങ്ങളിൽ ഒറ്റ അട മാത്രമുള്ള കൂടുകെട്ടി താമസിക്കാനാണിവർക്കിഷ്ടം. പെരുംതേനീച്ചകളെ കൂട്ടിലാക്കി വളർത്താൻ സാധിക്കില്ല. ഇവയുടെ കൂടുകൾ ഒറ്റക്കും കൂട്ടമായും കാണാറുണ്ട്. മറ്റിനങ്ങളേക്കാൾ വലിപ്പമുള്ള ഇവയുടെ കൂടുകളും തേനുത്പാദന ശേഷിയും വളരെ വലുതാണ്.

ഒരു വർഷം ഏകദേശം 25-50 കിലോ തേൻ ഇവ ഉത്പാദിപ്പിക്കാറുണ്ട്. കാട്ടുതേനീച്ച എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്.