മണിമലയാറിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു; രണ്ട് വീടുകൾ അപകടാവസ്ഥയിൽ

Monday 07 September 2020 12:41 AM IST
മണി​മലയാറി​ന്റെ തീരത്തെ അപകടാവസ്ഥയി​ലായ വീടുകൾ

തിരുവല്ല: ഇന്നലെ രാവിലെ മുതൽ പെയ്ത ശക്തമായ മഴയിൽ മണിമലയാറിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണതിനെ തുടർന്ന് രണ്ട് വീടുകൾ അപകടാവസ്ഥയിലായി. കടപ്ര പഞ്ചായത്ത് ഒന്നാം വാർഡിൽ കാരയ്ക്കാട്ട് മാലിയിൽ കെ.വി തോമസ്, കാരയ്ക്കാട്ട് മാലിയിൽ കെ.വി യോഹന്നാൻ എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് നദീതീരത്തെ കരിങ്കൽ നിർമിത സംരക്ഷണ ഭിത്തി ഇടിഞ്ഞ് ആറ്റിലേക്ക് പതിക്കുകയായിരുന്നു. ഇതേതുടർന്നാണ് ഇരു പുരയിടങ്ങളും ആറ്റിലേക്ക് ഇടിഞ്ഞു വീണത്. വീടിനോട് ചേർന്നുള്ള ഭാഗത്തെ ബാക്കിഭാഗം കൂടി ഇടിയുമോയെന്ന ഭീതിയിലാണ് വീട്ടുകാർ. താലൂക്ക് ഓഫീസിൽ നിന്നുള്ള പ്രത്യേക സംഘം ഇന്നലെ വൈകിട്ട് സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. രണ്ട് വീടുകൾക്ക് മേലും അപകട സാധ്യത നിലനിൽക്കുന്നതിനാൽ ഇരു കുടുംബങ്ങളെയും താൽക്കാലികമായി ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി തഹസിൽദാർ പി ജോൺ വർഗീസ് പറഞ്ഞു. പ്രദേശത്ത് കനത്തമഴ തുടരുകയാണ്.