സെസ്: കയറ്റുമതിയിൽ 45 ശതമാനം ഇടിവ്
ന്യൂഡൽഹി: രാജ്യത്തെ പ്രത്യേക സാമ്പത്തിക മേഖലകളിൽ (സെസ്) നിന്നുള്ള കയറ്റുമതി നടപ്പുസാമ്പത്തിക വർഷം ജൂൺ വരെയുള്ള കാലയളവിൽ 45 ശതമാനം ഇടിഞ്ഞുവെന്ന് എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ (ഇ.പി.സി.ഇ.എസ്) വ്യക്തമാക്കി. മാനുഫാക്‌ചറിംഗ് കയറ്റുമതി മൂല്യം മുൻവർഷത്തെ സമാന കാലയളവിലെ 75,436 കോടി രൂപയിൽ 41,699 കോടി രൂപയിലേക്ക് താഴ്‌ന്നു.
അതേസമയം, സോഫ്‌റ്റ്‌വെയർ, സേവന കയറ്റുമതി അഞ്ചു ശതമാനം മെച്ചപ്പെട്ടു. 1.05 ലക്ഷം കോടി രൂപയിൽ നിന്ന് 1.11 ലക്ഷം കോടി രൂപയിലേക്കാണ് വർദ്ധന. ഇന്ത്യയിൽ നിന്നുള്ള മൊത്തം കയറ്റുമതി ജൂലായിൽ 10.2 ശതമാനം കുറഞ്ഞിരുന്നു. 2,364 കോടി ഡോളറാണ് ജൂലായിലെ കയറ്റുമതി വരുമാനം. ഇറക്കുമതിച്ചെലവ് 28.4 ശതമാനം താഴ്‌ന്ന് 2,847 കോടി ഡോളറായി.
ആഭ്യന്തര വിപണിയിലേക്ക് സെസിൽ നിന്നുള്ള മാനുഫാക്‌ചറിംഗ് ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ ഇറക്കുമതി ചുങ്കം 'ആത്മനിർഭർ ഇന്ത്യ" കാമ്പയിന്റെ ഭാഗമായി ഒഴിവാക്കണമെന്ന് ഇ.പി.സി.ഇ.എസ് ആവശ്യപ്പെട്ടു.