113 പേർക്ക് കൊവിഡ്
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 113 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ എട്ടു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 94 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
ജില്ലയിൽ ഇതുവരെ ആകെ 4000 പേർ രോഗ ബാധിതരായി. ഇതിൽ 2544 പേർ സമ്പർക്കം മൂലം രോഗികളായവരാണ്. കൊവിഡ് ബാധിതരായ 32 പേർ ജില്ലയിൽ മരിച്ചു.
ജില്ലയിൽ ഇന്നലെ 121 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 3071 ആണ്. പത്തനംതിട്ട ജില്ലക്കാരായ 897 പേർ ചികിത്സയിലാണ്.
ലക്ഷണങ്ങൾ ഇല്ലാത്ത, കൊവിഡ് ബാധിതരായ 17 ആരോഗ്യ പ്രവർത്തകർ വീടുകളിൽ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളിൽ 63 പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 923 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. ആകെ 13127 പേർ നിരീക്ഷണത്തിലാണ്.
രണ്ടുമരണം കൂടി
1) കോന്നി പയ്യനാമൺ സ്വദേശി (66), തിരുവല്ല തുകലശേരി സ്വദേശിനി (72) എന്നിവരാണ് മരിച്ചത്. ഇരുവരും വീട്ടിൽവച്ചാണ് മരിച്ചത്. പ്രാഥമിക സ്രവ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ഒരു കുടുംബത്തിലെ 9 പേർക്ക് കൊവിഡ്
തിരുവല്ല: ഒരു കുടുംബത്തിലെ 9 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. തിരുവല്ല നഗരസഭയിലെ 31-ാം വാർഡിൽ ഗാർഹിക നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവർക്കാണ് കൊവിഡ് ബാധിച്ചത്. മന്നംകരച്ചിറയിൽ മരണശേഷം കൊവിഡ് സ്ഥിരീകരിച്ച ഗീവർഗീസ് മത്തായിയുടെ അടുത്ത ബന്ധുക്കൾക്കാണ് രോഗം കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് ഗീവർഗീസ് മത്തായി മരിച്ചത്. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരികരിച്ചത്. തുടർന്ന് അടുത്ത ബന്ധുക്കളായ 10 പേർ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചവരെ ജില്ലാ ആശുപത്രിയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയതായി നോഡൽ മെഡിക്കൽ ഓഫീസർ ഡോക്ടർ മാമ്മൻ പി. ചെറിയാൻ പറഞ്ഞു.