അതിനിന്ദ്യം,​ തീരാക്കളങ്കം : കൊവിഡ് രോഗിയായ പെൺകുട്ടിക്ക് ആംബുലൻസിൽ പീഡനം

Monday 07 September 2020 4:30 AM IST

പത്തനംതിട്ട: കൊവിഡ് ബാധിതയായ ദളിത് പെൺകുട്ടിയെ 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കൊലക്കേസ് പ്രതിയായ ഡ്രൈവർ ക്രൂര മാനഭംഗത്തിന് ഇരയാക്കിയ സംഭവം,​ കൊവിഡ് പ്രതിരോധത്തിന് കൈയടി നേടിയ കേരളത്തിന് നാണക്കേടിന്റെ തീരാക്കളങ്കമാകുന്നു. കേരളത്തെ ഞെട്ടിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും കേസെടുത്തു. പ്രതിപക്ഷം വിഷയം ഏറ്രെടുത്തതോടെ ഭരണത്തിന്റെ അവസാനപാദത്തിൽ സർക്കാരിനെതിരെ മറ്റൊരു പ്രചരണായുധം കൂടിയാവുകയാണ് സംഭവം.

ആറന്മുളയിൽ ഇന്നലെ പുലർച്ചെ പത്തൊമ്പതുകാരിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച പ്രതി കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയിൽ സ്വദേശി നൗഫലിനെ (29) പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ ജനറൽ ആശുപത്രിക്കു സമീപത്തു നിന്ന് പുലർച്ചെ രണ്ടു മണിയോടെ അടൂർ പൊലീസ് പിടികൂടിയ പ്രതിയെ പന്തളം പൊലീസിന് കൈമാറുകയായിരുന്നു. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ എങ്ങനെ സർക്കാർ നിയന്ത്രണത്തിലുള്ള 108 ആംബുലൻസിന്റെ ഡ്രൈവറായി എന്നതാണ് കുഴയ്ക്കുന്ന ചോദ്യം. രാത്രിയിൽ ആശുപത്രിയിലേക്ക് പെൺകുട്ടിയുമായി പോയ വാഹനത്തിൽ ആരോഗ്യപ്രവർത്തകർ ഇല്ലാതിരുന്നതും ഗുരുതര വീഴ്ചയായി.

അടൂർ വടക്കടത്തുകാവിൽ നിന്ന് 42 വയസുള്ള വീട്ടമ്മയും പെൺകുട്ടിയുമായി ശനിയാഴ്ച രാത്രി 11.30 നാണ് ആംബുലൻസ് പുറപ്പെട്ടത്. വീട്ടമ്മയ്ക്ക് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പെൺകുട്ടിക്ക് പന്തളത്തെ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സ ഒരുക്കിയിരുന്നത്. പന്തളത്ത് പെൺകുട്ടിയെ ഇറക്കിയ ശേഷം വീട്ടമ്മയുമായി കോഴഞ്ചേരിക്ക് പോകുന്നതാണ് എളുപ്പമെങ്കിലും,​ തുമ്പമൺ- ഇലവുംതിട്ട വഴി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്കാണ് നൗഫൽ ആദ്യം ആംബുലൻസ് ഓടിച്ചത്.

അവിടെ വീട്ടമ്മയെ ഇറക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കി മടങ്ങുമ്പോൾ അർദ്ധരാത്രി കഴിഞ്ഞിരുന്നു. തിരികെ പെൺകുട്ടിയുമായി പന്തളത്തേക്ക് വരുന്ന വഴി,​ ആറന്മുളയിലെ ഉപേക്ഷിക്കപ്പെട്ട വിമാനത്താവള പദ്ധതി പ്രദേശത്തേക്ക് ഇയാൾ വാഹനം ഓടിച്ചു കയറ്റി. ആംബുലൻസിന്റെ പിൻഭാഗത്തിരുന്ന പെൺകുട്ടിക്ക് സ്ഥലം മനസിലായിരുന്നില്ല. വാഹനം നിറുത്തി,​ ഇയാൾ ധരിച്ചിരുന്ന പി.പി.ഇ കിറ്റ് ഊരിമാറ്റിയ ശേഷം പിന്നിലേക്കു കയറി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പന്തളം സ്വദേശിയായ പെൺകുട്ടിയുടെ മാതാപിതാക്കൾ കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അതിനാൽ അടൂരിലെ ബന്ധുവീട്ടിലായിരുന്നു താമസം.

പീഡനത്തിനെ തുടർന്ന് അവശനിലയിലായ പെൺകുട്ടിയോട് മാപ്പ് പറഞ്ഞ പ്രതി ആരോടും മിണ്ടിപ്പോകരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം പന്തളത്തെ കൊവിഡ് ചികിത്സാകേന്ദ്രത്തിനു മുന്നിൽ ഇറക്കിവിടുകയായിരുന്നു. അലറിക്കരഞ്ഞ് ആശുപത്രിയിലേക്ക് ഒാടിക്കയറിയ പെൺകുട്ടി അധികൃതരോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. പന്തളം ജനറൽ ആശുപത്രിയിലെ വൈദ്യപരിശോധനയ്‌ക്കു ശേഷം പെൺകുട്ടിയെ കൊവിഡ് കേന്ദ്രത്തിലേക്കു മാറ്റി. സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് പ്രതി നൗഫലിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

നൗഫൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുമായി പുറപ്പെട്ട ആംബുലൻസ് ആശുപത്രിയിൽ എത്താൻ വൈകിയതോടെ ആശുപത്രി അധികൃതർ ഡ്രൈവറെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഇയാൾ ഫോൺ കട്ട് ചെയ്യുകയായിരുന്നു. പ്രതിയെ 108 ആംബുലൻസിൽ ആറന്മുള എത്തിച്ച് ഇന്നലെ തെളിവെടുത്തു. പെൺകുട്ടിയുടെ നില തൃപ്തികരമാണ്.

പ്രതിയുടെ മാപ്പ് പറച്ചിൽ റൊക്കോർഡ് ചെയ്തു

പീഡനത്തിന് ഇരയാക്കിയ ശേഷം പ്രതി ആംബുലൻസിൽ വച്ച് മാപ്പു പറഞ്ഞത് പെൺകുട്ടി മൊബൈലിൽ റെക്കാർഡ് ചെയ്തത് കേസിൽ നിർണായക തെളിവായെന്ന് പത്തനംതിട്ട പൊലീസ് ചീഫ് കെ.ജി. സൈമൺ പറഞ്ഞു. ഇയാൾ മാപ്പ് പറയുന്നത് പെൺകുട്ടി രഹസ്യമായി വോയിസ് റെക്കാഡ് ചെയ്യുകയായിരുന്നു.

സംഭവം നടന്നത് ഇങ്ങനെ

ശനിയാഴ്ച രാത്രി 10.45 കൊവിഡ് ബാധിതയായ വീട്ടമ്മയെ കയറ്റിയ ആംബുലൻസ് അടൂരിൽ പെൺകുട്ടി താമസിച്ചിരുന്ന വീട്ടിൽ. 11.00 മണി കൊവിഡ് നടപടികൾ പൂർത്തിയാക്കി പെൺകുട്ടി ആംബുലൻസിൽ. 12.00 മണി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ആംബുലൻസ് എത്തുന്നു.വീട്ടമ്മയെ ഇറക്കുന്നു. പെൺകുട്ടിയുമായി മടക്കം. 12.40- 1.00 ആറൻമുളയിലെ വിജനമായ സ്ഥലത്ത് ആംബുലൻസിൽ പീഡനം. പ്രതി മാപ്പ് പറയുന്നു 1.30 പന്തളത്തെ കൊവിഡ് ഫസ്റ്റ്ലൈൻ സെന്ററിൽ എത്തിക്കുന്ന പെൺകുട്ടി നിലവിളിച്ചുകൊണ്ട് ആംബുലൻസിൽ നിന്ന് ഇറങ്ങിയോടുന്നു 2.00 വിവരം അറിഞ്ഞ് പൊലീസ് പ്രതിയെ അടൂരിൽവച്ച് കസ്റ്റഡിയിലെടുക്കുന്നു

പെൺകുട്ടിയുമായി പോയ വാഹനത്തിൽ നഴ്സ് ഇല്ലാതിരുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കും.

- ഡോ. എ.എൽ.ഷീജ,

ഡി.എം.ഒ, പത്തനംതിട്ട