തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് മികച്ച വിജയമുണ്ടാവും: തുഷാർ
കൊല്ലം: കേന്ദ്രസർക്കാർ ഭരണത്തിന്റെ സദ്ഫലങ്ങൾ കേരളത്തിലെ ജനങ്ങൾ നേരിട്ട് അനുഭവിക്കുന്നതിനാൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യത്തിന് മികച്ച വിജയം പ്രതീക്ഷിക്കുന്നതായി സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കൊല്ലത്ത് നടന്ന എൻ.ഡി.എ തെക്കൻ മേഖലാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാർഡ്തലം വരെ മുന്നണി ശക്തമാക്കാനുള്ള നടപടികൾ ഉണ്ടാവും. ഉടൻ തന്നെ യോഗം ചേർന്ന് കുട്ടനാട്ടിലെയും ചവറയിലെയും സ്ഥാനാർത്ഥിയെ തീരുമാനിക്കും. മറ്റ് വിയോജിപ്പുകളെല്ലാം മറന്ന് തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും തുഷാർ പറഞ്ഞു.
കേരളത്തിലെ മുഴുവൻ തദ്ദേശ വാർഡുകളിലും ഇക്കുറി എൻ.ഡി.എ സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. ഇടത് മുന്നണിക്കെതിരെ കടുത്ത ജനരോഷമാണ് നിലനിൽക്കുന്നത്. ഇടത് മുന്നണിയെ തുറന്നുകാണിക്കുന്നതിൽ യു.ഡി.എഫ് പരാജയപ്പെട്ടു. ഇപ്പോൾ ജനപക്ഷത്തുള്ള ശക്തമായ പ്രതിപക്ഷം എൻ.ഡി.എ ആണ്. വാർഡ് തലം വരെ ശക്തമായ മുന്നണി സംവിധാനം കെട്ടിപ്പടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ജില്ലാ പ്രസിന്റ് ബി.ബി. ഗോപകുമാറും മറ്റ് ബി.ഡി.ജെ.എസ് നേതാക്കളും പത്രസമ്മേളനത്തിൽ പങ്കെടുത്തു.