മൃദംഗ വിദ്വാൻ എം. ബാലസുബ്രഹ്മണ്യം അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത മൃദംഗ വിദ്വാനും തഞ്ചാവൂർ ദക്ഷിണ മേഖല സാംസകാരിക കേന്ദ്രം ഡയറക്ടറുമായിരുന്ന പ്രൊഫ.എം. ബാലസുബ്രഹ്മണ്യം (69) അന്തരിച്ചു. ഇന്നലെ രാവിലെ തഞ്ചാവൂരിൽ വച്ചായിരുന്നു അന്ത്യം. ചെമ്പൈ ഗവ. മ്യൂസിക് കോളേജ്, തൃപ്പൂണിത്തുറ ആർ.എൽ.വി സംഗീത കോളേജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലായിരുന്നു. തിരുവനന്തപുരം സംഗീത കോളേജിലെ പഠനത്തിനുശേഷം മൃദംഗ വിദ്വാൻ മാവേലിക്കര വേലുക്കുട്ടി നായരുടെ ശിക്ഷ്യനായി. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സ്കോളർഷിപ്പോടെ എം.ഫിൽ നേടി. സാംസ്കാരിക ഉപദേശക ബോർഡ് അംഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫാക്കൽട്ടി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ഭാരത് ഭവൻ സംഘടിപ്പിച്ച മാവേലി മലയാളം പരിപാടിയിലാണ് അവസാനമായി പങ്കെടുത്തത്. അവിവാഹിതനാണ്. മൃതദേഹം തഞ്ചാവൂർ ശ്മശാനത്തിൽ സംസ്കരിച്ചു.
ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം സംസ്കാരിക രംഗത്തിന് വലിയ നഷ്ടമാണെന്ന് മന്ത്രി എ.കെ. ബാലൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.