ഗുരുതര ആരോഗ്യപ്രശ്നമുള്ള കൊവിഡ് രോഗികൾക്ക് മാത്രം രാത്രിയിൽ യാത്രാ സൗകര്യം

Tuesday 08 September 2020 2:09 AM IST

പത്തനംതിട്ട : ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള കൊവിഡ് രോഗികൾക്കു മാത്രമേ വൈകിട്ട് ഏഴിന് ശേഷം ഗതാഗത സൗകര്യം ഒരുക്കുകയുള്ളുവെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു. ആറന്മുളയിൽ കൊവിഡ് രോഗിയായ യുവതിക്ക് ആംബുലൻസിൽ പീഡനം ഉണ്ടായതിന്റെ സാഹചര്യം വിലയിരുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ

രോഗികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഇനിമുതൽ രാത്രി ഏഴ് മണി വരെയാകും കൊവിഡ് രോഗികൾക്ക് ഗതാഗത സൗകര്യം ക്രമീകരിക്കുക. ആശുപത്രി സൂപ്രണ്ടുമാർ, നോഡൽ ഓഫീസർമാർ എന്നിവർ രോഗികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനൊപ്പം ചികിത്സാ കേന്ദ്രങ്ങളിൽ രോഗികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ തഹസീൽദാർമാർ അവ വിലയിരുത്തി ഡെപ്യൂട്ടി കളക്ടർമാരുടെ സഹായത്തോടെ പരിഹരിക്കണം. ആറന്മുളയിലെ സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ച് ചർച്ച ചെയ്തു. സംഭവത്തെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആർ.ഡി.ഒ, ഡി.എം.ഒ എന്നിവരെ ചുമതലപ്പെടുത്തി. ഗതാഗത സൗകര്യത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്നതും അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്നങ്ങൾ ഉണ്ടോ എന്നതും യോഗത്തിൽ വിലയിരുത്തി.