കണ്ടു പഠിക്കാം, ലിസി ടീച്ചറിലെ 'വിദ്യാർത്ഥിയെ"
കൊച്ചി: ഡ്രൈവിംഗ് സ്കൂൾ അദ്ധ്യാപികയാണ് ഇടപ്പള്ളി മണ്ണാലത്തുപറമ്പിൽ ലിസി. അക്ഷരങ്ങൾ സ്വപ്നം കണ്ടപ്പോൾ കഷ്ടപ്പാടുകളാണ് വിധി ലിസിക്കായി കരുതിയത്. പക്ഷേ കൈവിട്ടുപോയ വിജ്ഞാല ലോകം 41-ാം വയസിൽ വാശിയോടെ വീണ്ടെടുക്കുകയായിരുന്നു. സാക്ഷരതാമിഷനും പ്രേരകും അതിന് കരുത്തേകി.
34-ാം വയസുവരെ നിരക്ഷരതയുടെ കൂരിരുട്ടിലായിരുന്നു ലിസി. പക്ഷേ ഏഴുവർഷത്തെ തുല്യതാപഠനം ബിരുദത്തിന്റെ പടിവാതിൽക്കലെത്തിച്ചു. അമ്മ ചെറുപ്പത്തിൽ മരിച്ചു. വർക്‌ഷോപ്പ് തൊഴിലാളിയായ അച്ഛൻ അപകടത്തിൽപ്പെട്ട് കിടപ്പിലായി. അങ്ങനെ സ്കൂളിൽ ചേരാനായില്ല. വിശപ്പടക്കാൻ അയൽവീട്ടിൽ വേലക്കാരിയായി. സമപ്രായക്കാരെ ഒരുക്കി സ്കൂളിലേക്കയ്ക്കലായിരുന്നു പ്രധാന ചുമതല. കളിക്കൂട്ടുകാരെ കുളിപ്പിച്ച് തലമുടി ചീകിക്കെട്ടി യൂണിഫോം അണിയിക്കുമ്പോൾ പഠിക്കണമെന്ന മോഹം അണയാതെ സൂക്ഷിച്ചു.
19ാം വയസിൽ വിവാഹിതയായി. രണ്ടു പെൺകുട്ടികളുടെ അമ്മയുമായി. ഡ്രൈവറായ ഭർത്താവ് സോണി ഡ്രൈവിംഗ് പഠിപ്പിച്ചു. ഡ്രൈവിംഗ് ബാഡ്‌ജും ഹെവി ലൈസൻസും സ്വന്തമാക്കി. സ്വന്തമായി കാർ വാങ്ങിയ ലിസി പെൺകുട്ടികൾക്ക് ഡ്രൈവിംഗ് പരിശീലനവും നൽകി. പഠിക്കാനെത്തിയവരിൽ നിന്നാണ് സാക്ഷരതാമിഷനെക്കുറിച്ചും തുല്യതാപദ്ധതിയെക്കുറിച്ചുമറിഞ്ഞത്.
2011ൽ വീടിനടുത്തുള്ള തുടർവിദ്യാകേന്ദ്രത്തിൽ നാലാംതരം തുല്യതാക്ലാസിൽ ചേർന്നു. പിന്നെ ഏഴാംക്ലാസ്, പത്താംക്ലാസ്. 2019ൽ പ്ലസ് ടു പാസായി. ആഴ്ചയിൽ ആറുദിവസം ഡ്രൈവിംഗ് സ്കൂളിൽ പരിശീലക, ഏഴാംദിവസം തുല്യതാക്ളാസിൽ വിദ്യാർത്ഥിനി. പത്തിലും പ്ലസ് ടുവിലും പഠിച്ചിരുന്ന പെൺമക്കൾ അമ്മയെ പഠിപ്പിക്കാൻ മത്സരിച്ചു. ഭർത്താവും ഒപ്പംനിന്നു. മക്കൾ ബിരുദാനന്തര ബിരുദം നേടിയപ്പോൾ അമ്മ 56 ശതമാനം മാർക്കുമായി ഹയർ സെക്കൻഡറി പാസായി.
സാക്ഷരതാമിഷൻ തുല്യതാക്ലാസിലൂടെയാണ് ജീവിതം തിരിച്ചുകിട്ടിയത്. ഇനിയും പഠിക്കണം. സാധിക്കുമെങ്കിൽ ഓട്ടോമൊബൈൽ എൻജിനിയറിംഗിന് ചേരണം, അല്ലെങ്കിൽ ഡിഗ്രി. സാക്ഷരതാമിഷനും സർക്കാരും സഹായിക്കുമെന്നാണ് പ്രതീക്ഷ.
- ലിസി സോണി
'പ്ലസ്ടു തുല്യത പാസായവർക്ക് തുടർപഠനത്തിന് നിർദ്ദിഷ്ട ശ്രീനാരായണ സർവകലാശാല വഴിയൊരുക്കുമെന്നാണ് അറിയുന്നത്. ഇത് ലിസിയെപ്പോലെ തുല്യതാ കോഴ്സിലൂടെ ഹയർ സെക്കൻഡറി പാസായവർക്കെല്ലാം പ്രതീക്ഷ നൽകുന്നതാണ്".
- കെ.ജെ. ഷൈജ
നോഡൽ പ്രേരക്, എൻ.സി.ഇ.സി
കൊച്ചി കോർപറേഷൻ