നീറ്റ്: എല്ലാ സെന്ററിലേക്കും ട്രാൻസ്പോർട്ട് ബസ് സർവീസ്

Tuesday 08 September 2020 3:50 AM IST

തിരുവനന്തപുരം: മെഡിക്കൽ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പൊതുപരീക്ഷ (നീറ്റ്)​ നടക്കുന്ന 13ന് വിദ്യാർത്ഥികൾക്കായി എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലേക്കും ആവശ്യത്തിന് ബസ് സർവീസുകൾ നടത്താൻ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ കെ.എസ്.ആർ.ടി.സിക്ക് നിർദ്ദേശം നൽകി.

1.50 ലക്ഷം വിദ്യാർത്ഥികൾ എഴുതുന്ന നീറ്റ് പരീക്ഷയ്ക്ക് സ‌ർക്കാർ യാത്രാസൗകര്യം ഏർപ്പെടുത്താത്തതിനെക്കുറിച്ച് സെപ്തംബർ 5ന് കേരളകൗമുദി ' നീറ്റ് എഴുതുന്നവരെ നീറ്റിക്കല്ലേ...' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടതിനെത്തുർന്നാണിത്.പരീക്ഷാ കേന്ദ്രങ്ങളിലേക്ക് സ്പെഷ്യൽ സർവീസുകൾക്കു പുറമെ ബസ് ഓൺ ഡിമാൻഡ് പ്രകാരവും സർവീസുകൾ നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സർവീസുകൾ നടത്താൻ എല്ലാ യൂണിറ്റ്,​ മേഖലാ മേധാവികളോടും നിർദ്ദേശിച്ച് കെ.എസ്.ആർ.ടി.സി ഉത്തരവിറക്കി. ഈ ദിവസം ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം ഏർപ്പെടുത്തും. ഇൻസ്‌പെക്ടർമാരും സ്ക്വാഡും പരിശോധന നടത്തണമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം പ്രത്യേക ട്രെയിൻ സർവീസിന്റെ കാര്യം തീരുമാനമായിട്ടില്ല.

സെപ്തംബർ 5ന് പ്രസിദ്ധീകരിച്ച വാർത്ത

ബസ് ഓൺ ഡിമാൻഡ്

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബസ് ഓൺ ഡിമാൻഡ് പ്രകാരം സീറ്റുകൾ ബുക്ക് ചെയ്യാം. ഒരു പ്രദേശത്തു നിന്ന് വിദ്യാർത്ഥികൾക്ക് ഒരുമിച്ചോ ഏതെങ്കിലും സ്ഥാപനത്തിൽ നിന്നോ യാത്ര ചെയ്യുന്നതിന് ഈ സൗകര്യം പ്രയോജനപ്പെടുത്താം. വിദ്യാർത്ഥികളെ എത്തിക്കുന്ന ബസ് പരീക്ഷ കഴിയുമ്പോൾ കേന്ദ്രത്തിനു മുന്നിൽ മടക്കയാത്രയ്ക്ക് തയ്യാറായി ഉണ്ടാവും. തൊട്ടടുത്ത ഡിപ്പോയിലന്വേഷിച്ചാൽ ഇതു സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.