ആ തിമിംഗലം അമ്മയായി കുഞ്ഞ് 'ജെ 57"

Tuesday 08 September 2020 12:23 AM IST

കൊളംബിയ: ജീവൻ വെടിഞ്ഞ കുഞ്ഞിനെയും തോളിൽ ചുമന്ന് രണ്ടാഴ്ചയോളം കടലിൽ നീന്തി വാർത്തകളിൽ ഇടം നേടിയ തിമിംഗലമാണ് തഹ്‌ലീക്ക. അവൾ വീണ്ടും അമ്മയായി. ഇക്കുറി ആരോഗ്യവാനായ കുഞ്ഞ് തിമിംഗലമാണ് ജെ 35 എന്ന് ഓമനപ്പേരുള്ള തഹ്‌ലീക്കയ്ക്കു പിറന്നത്. തിമിംഗലങ്ങളുടെ വിവരങ്ങൾ പങ്കുവയ്ക്കുന്ന സെന്റർ ഫോർ വെയിൽ റിസർച്ച് തന്നെയാണ് പുതിയ സന്തോഷവാർത്ത ചിത്രം സഹിതം പുറത്തുവിട്ടത്. അമ്മയും കുഞ്ഞും കളിച്ച് നീന്തിത്തുടിക്കുന്ന ചിത്രങ്ങളാണ് ഇവർ തങ്ങളുടെ സൈറ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്. വെള്ളിയാഴ്ച നോർത്ത് വെസ്റ്റ് സീറ്റലിലെ ഹാരോ സ്ട്രെയിറ്റിലാണ് അമ്മയെയും കുഞ്ഞിനെയും കണ്ടെത്തിയത്. ജെ 57 എന്നാണ് കുഞ്ഞ് തിമിംഗലത്തിന് നൽകിയിരിക്കുന്ന നമ്പർ.

2018 ലാണ് തഹ്‌ലീക്ക തന്റെ കുഞ്ഞിന്റെ ജഡവുമായി 17 ദിവസം കടലിൽ നീന്തിയ സംഭവമുണ്ടായത്. വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിലാണ് ജെ 35 തിമിംഗലമുള്ളത്.