ആറ് മാസമായി റേഷൻ വാങ്ങാത്തവരുടെ മുൻഗണനാപദവി പുനഃപരിശോധിക്കും
Tuesday 08 September 2020 12:42 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡുടമകളിൽ ആറ് മാസമായി റേഷനും, സൗജന്യ ഭക്ഷ്യകിറ്റും വാങ്ങാത്ത മുപ്പതിനായിരത്തിലേറെപ്പേരുടെ മുൻഗണനാ പദവി പുന:പരിശോധിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ അറിയിച്ചു. ഓണക്കിറ്റ് വാങ്ങാത്തതിന്റെ പേരിൽ മാത്രം ആരെയും പട്ടികയിൽ നിന്ന് ഒഴിവാക്കില്ല.
മുൻഗണനാ പദവി ഉണ്ടായിട്ടും അർഹതപ്പെട്ട വിഹിതം വാങ്ങാതെ ലാപ്സാക്കുന്നത് വെയിറ്റിംഗ് ലിസ്റ്റിലുള്ള കുടുംബങ്ങളോട് കാട്ടുന്ന അനീതിയാണ്. ഇത്തരക്കാരുടെ വിശദാംശങ്ങൾ പരിശോധിച്ച് അർഹതയില്ലാത്തവരെ നീക്കി , അർഹതപ്പെട്ട കുടുംബങ്ങളെ ഉൾപ്പെടുത്തും. ആറു മാസത്തെ റേഷനും കിറ്റും വാങ്ങാത്തവരുടെ വിവരം പ്രദർശിപ്പിക്കും. അവർക്ക് ആക്ഷേപമുണ്ടെങ്കിൽ അതുകൂടി കണക്കിലെടുത്തേ അന്തിമ തീരുമാനമുണ്ടാവൂ.