കൂളായി വന്നു... പോയി, റെസ്റ്റോറന്റിൽ മിന്നൽ സന്ദർശനം നടത്തിയ അതിഥി സോഷ്യൽ മീഡിയയിലെ താരം

Tuesday 08 September 2020 1:12 AM IST

ബാങ്ക്വി: ദക്ഷിണാഫ്രിക്കയിലെ പുമലങ്കയിലെ സിങ്കിത എബനോയ് ലോഡ്ജിലെ റെസ്റ്റോറന്റിൽ മിന്നൽ സന്ദർശനം നടത്തിയ അതിഥിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഉച്ചഭക്ഷണ വേളയിലാണ് അവിടെ എത്തിയ കസ്റ്റമേഴ്സിനെ അമ്പരപ്പിച്ചും ഭയപ്പെടുത്തിയും ഒരു അതിഥി എത്തിയത്. ഒരു ഒന്നൊന്നര പുള്ളിപ്പുലി. കക്ഷി ലോഡ്ജിന്റെ ലോണിലൂടെ കടന്ന് റെസ്റ്റോറന്റിലെത്തി അതിനടുത്തുള്ള സ്റ്റെപ്പിലൂടെ കയറി പോവുകയും ചെയ്തു. ലോഡ്ജുകാർ തന്നെയാണ് തങ്ങളുടെ അതിഥിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. കസ്റ്റമേഴ്സിൽ ചിലർ ആദ്യം ഭയപ്പാടോടെ മാറുന്നുണ്ടെങ്കിലും അവരെയൊക്കെ പാളി നോക്കി നമ്മുടെ കക്ഷി കൂളായി നടന്നുപോയി. ഇതോടെ മറ്റുള്ളവർക്ക് അതൊരു കൗതുകമായി. ഞങ്ങളുടെ സ്പെഷ്യൽ ഗെസ്റ്റെന്ന അടിക്കുറിപ്പിലാണ് 46 സെക്കൻഡുള്ള വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇതിനോടകം ലക്ഷക്കണക്കിനു പേരാണ് വീഡിയോ കണ്ടത്. പ്രകൃതിയുടെ യഥാർത്ഥ സൃഷ്ടിയെ ഇത്രയടുത്തു നിന്ന് കാണാൻ കഴിഞ്ഞ ഭാഗ്യവാന്മാർ എന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്. ശ്ശൊ ഈ സമയത്ത് ഞാനില്ലാതെ പോയല്ലോ എന്ന് പരിതപിക്കുന്നവരും ഏറെയാണ്. കാടിന്റെ അന്തരീക്ഷം നിലനിറുത്തിയാണ് ഹോട്ടലുകാർ റെസ്റ്റോറന്റ് പണിഞ്ഞിരിക്കുന്നത്. ഇതാവാം പുള്ളിപ്പുലിയെ ആകർഷിച്ചതെന്നാണ് ചിലരുടെ വിലയിരുത്തൽ.