കൂടുതൽ രാഷ്ട്രീയ കൊല നടത്തിയത് സി.പി.എമ്മെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: ഏറ്റവും കൂടുതൽ രാഷ്ട്രീയകൊലപാതകങ്ങൾ നടത്തിയിരിക്കുന്നത് സി.പി.എമ്മാണെന്ന് വിവരാവകാശ രേഖ ഉദ്ധരിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രസ്താവനയിൽ ആരോപിച്ചു. ഏറ്റവും കുറവ് കോൺഗ്രസും. ഈ പശ്ചാത്തലത്തിൽ കോൺഗ്രസിനെതിരേ സി.പി.എം നടത്തുന്ന അപവാദപ്രചാരണം ഉടനടി അവസാനിപ്പിക്കണം. .
കണ്ണൂർ ജില്ലാ പൊലീസിൽ നിന്ന് ലഭിച്ച കണക്ക് പ്രകാരം ജില്ലയിൽ 1984 മുതൽ 2018 മേയ് വരെ 125 രാഷ്ട്രീയകൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്. 125 കൊലപാതകങ്ങളിൽ 78ലും സി.പി.എം ആണു പ്രതിസ്ഥാനത്ത്. ബി.ജെ.പി 39 എണ്ണത്തിൽ. മറ്റു പാർട്ടികൾ 7. എന്നാൽ കോൺഗ്രസ് ഒരേയൊരു കേസിൽ മാത്രമാണ് പ്രതി. ഏറ്റവും കൂടുതൽ കൊല്ലപ്പെട്ടത് ബി.ജെ.പിക്കാരാണ്. 53 പേർ. സി.പി.എം 46, കോൺഗ്രസ് 19, മറ്റു പാർട്ടികൾ 7 എന്നിങ്ങനെയാണ് കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയ ചായ്‌വ്.
അമ്പതു വർഷമായി കണ്ണൂരിൽ നടന്നുവരുന്ന രാഷ്ട്രീയകൊലപാതകങ്ങൾക്ക് കൃത്യമായ കണക്ക് ആരുടെയും കൈയിലില്ല. സി.പി.എമ്മിന് അവരുടെയും ബി.ജെ.പിക്ക് അവരുടെയും കണക്കുകളുണ്ട്. പക്ഷേ, അവ തമ്മിൽ ഒട്ടും പൊരുത്തപ്പെടുന്നില്ല. ഏതാണ്ട് 225 പേർ കൊല്ലപ്പെട്ടു എന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന ഒരു കണക്ക്.