സാക്ഷരതയിൽ വീണ്ടും കേരളം ഒന്നാമത്

Tuesday 08 September 2020 2:07 AM IST

ന്യൂഡൽഹി: രാജ്യത്ത് സാക്ഷരതയിൽ കേരളം ഒന്നാം സ്ഥാനം നിലനിറുത്തി. സംസ്ഥാനത്ത് 96.2 ശതമാനം ആളുകളും സാക്ഷരതയുള്ളവരാണെന്ന് ദേശീയ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫീസ്(എൻ.എസ്.ഒ) നടത്തിയ 75-ാമത് ദേശീയ സാമ്പിൾ സർവേയിൽ കണ്ടെത്തി. 88.7 ശതമാനം സാക്ഷരതയുള്ള ഡൽഹി രണ്ടാമതും 87.6 ശതമാനത്തോടെ ഉത്തരാഖണ്ഡും ഹിമാചൽപ്രദേശും മൂന്നാം സ്ഥാനത്തുമാണ്. 66.4 ശതമാനം ആളുകൾക്ക് സാക്ഷരതയുള്ള ആന്ധ്രാപ്രദേശാണ് ഏറ്റവും പിന്നിൽ. 77.7ശതമാനമാണ് ദേശീയ ശരാശരി.

2017 ജൂലായ് മുതൽ 2018 ജൂൺ വരെ ഏഴു വയസിനു മുകളിലുള്ളവരിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് സാക്ഷരതാശതമാനം നിശ്ചയിച്ചത്. സാക്ഷരത കുറഞ്ഞ സംസ്ഥാനങ്ങളിൽ ആന്ധ്രയ്‌ക്കു മുകളിൽ രാജസ്ഥാനും(69.7%) ബീഹാറുമുണ്ട് (70.9%).

രാജ്യത്ത് പൊതുവിൽ സ്‌ത്രീകളെക്കാൾ(70.3%) പുരുഷൻമാർക്കാണ്(84.7%) സാക്ഷരത. കേരളത്തിലും സാക്ഷരതയിൽ പുരുഷന്മാരാണ് മുന്നിൽ(97.4%). സ്‌ത്രീകൾ 95.2%. ആന്ധ്രയിൽ അന്തരം കൂടുതലാണ്. (പുരുഷൻമാർ:73.4%, സ്‌ത്രീകൾ: 59.5%). സർവേ പ്രകാരം ഗ്രാമങ്ങളിൽ 73.5 ശതമാനവും നഗരങ്ങളിൽ 87.7 ശതമാനവും ജനങ്ങൾക്ക്‌ സാക്ഷരതയുണ്ട്. സർവേക്കായി

നഗരങ്ങളിലെ 64,518ഉം ഗ്രാമങ്ങളിലെ 8097ഉം വീടുകളിൽ നിന്ന് കണക്കു ശേഖരിച്ചു.

മറ്റു വിവരങ്ങൾ

കംപ്യൂട്ടർ ഉള്ള വീടുകൾ: ഗ്രാമങ്ങൾ 4%, നഗരങ്ങൾ 23%.

15-29 വയസുള്ളവരിൽ ഗ്രാമങ്ങളിലെ 24 ശതമാനവും നഗരങ്ങളിലെ 56 ശതമാനവും കംപ്യൂട്ടർ ജ്ഞാനമുള്ളവർ.