സംസ്ഥാനത്ത് ബാറുകൾ തുറന്നേക്കും, എക്‌സൈസ് വകുപ്പിന്റെ ശുപാർശ മുഖ്യമന്ത്രിയ്ക്ക് കൈമാറി
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെതുടർന്ന് അടച്ചുപൂട്ടിയ സംസ്ഥാനത്തെ ബാറുകൾ അധികം വൈകാതെ തുറക്കുമെന്ന് സൂചന.എക്സൈസ് കമ്മീഷണറുടെ ശുപാർശ എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൺ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ബാറുകൾ തുറക്കുന്ന കാര്യത്തിൽ ഈയാഴ്ച തന്നെ തീരുമാനം ഉണ്ടായേക്കും.
രോഗവ്യാപനത്തിനിടയിലും തമിഴ്നാട്, കർണാടക പോലുള്ള ചില സംസ്ഥാനങ്ങളിൽ ബാറുകൾ തുറക്കുന്നത് ചൂണ്ടിക്കാട്ടിയാണ് എക്‌സൈസ് വകുപ്പ് കേരളത്തിലും ഈ നിർദേശം ശുപാർശ ചെയ്തത്.കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് ബാറുകൾ തുറക്കാൻ അനുമതി നൽകണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇപ്പോൾ ബാറുകളിൽ പ്രത്യേക കൗണ്ടറുകൾ വഴിയുള്ള പാഴ്സലുകൾ മാത്രമാണ് നൽകുന്നത്. പാഴ്സൽ വിൽപ്പന അവസാനിപ്പിച്ച് ബിവറേജ് കോർപ്പേറഷനിലുണ്ടാവുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാം, ഒരു മേശയിൽ രണ്ട് പെരെന്ന നിലയിൽ ഇരിപ്പിടം ക്രമീകരിക്കണം എന്നിങ്ങനെയുള്ള ശുപാർശകളാണ് എക്സൈസ് കമ്മീഷണർ നൽകിയിരിക്കുന്നത്.