കെ.എസ്.ആർ.ടി.സിയുടെ ആദ്യ അന്തർസംസ്ഥാന ബോണ്ട് സർവീസിന് തുടക്കം

Wednesday 09 September 2020 1:46 AM IST
പാലക്കാട് - കോയമ്പത്തൂർ റൂട്ടിൽ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ അന്തർസംസ്ഥാന കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസ്

പാലക്കാട്: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥർക്കായി ആദ്യ അന്തർസംസ്ഥാന കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസ് പാലക്കാട്- കോയമ്പത്തൂർ റൂട്ടിലാരംഭിച്ചു. പൊതുഗതാഗതം അസാദ്ധ്യമായ തമിഴ്‌നാട്ടിലേക്ക് കൊവിഡ് മാനദണ്ഡം പാലിച്ച് സർക്കാർ, സ്വകാര്യ മേഖലകളിലെ ഉദ്യോഗസ്ഥർക്കായാണ് ബസ് ഓൺ ഡിമാന്റ് (ബോണ്ട്) സർവീസ് ആരംഭിച്ചത്.

ലോക്ക് ഡൗൺ ഇളവോടെ ജില്ലയിൽ ബോണ്ട് സർവീസിന് തുടക്കമിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് അന്തർ സംസ്ഥാന സർവീസ്. ഉത്തരമേഖല എക്സി.ഡയറക്ടർ സി.വി.രാജേന്ദ്രൻ ഫ്ലാഗ് ഒഫ് ചെയ്തു. ജില്ലാ കോഡിനേറ്റർ പി.എസ്.മഹേഷ് അദ്ധ്യക്ഷനായി. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.എ.ഉബൈദ്, ഡിപ്പോ എൻജിനീയർ സുനിൽ, ഇൻസ്പെക്ടർ കെ.വിജയകുമാർ, വി.സഞ്ജീവ് കുമാർ പങ്കെടുത്തു.

32 പേർ ഇ-പാസെടുത്തു

രാവിലെ എട്ടിന് പാലക്കാട് നിന്നാരംഭിച്ച് 9.45ന് കോയമ്പത്തൂർ ഗാന്ധിപുരത്ത് എത്തും. വൈകിട്ട് 5.15ന് കോയമ്പത്തൂരിൽ നിന്ന് തിരിച്ച് 6.45ന് പാലക്കാടെത്തും. 32 യാത്രക്കാർ ഇതിനകം പാസെടുത്തു. യാത്രക്കാർ ദിവസേന പോയി വരുന്നതിനുള്ള ഇ-പാസ് കൈയിൽ കരുതണം. നിലവിൽ പാലക്കാട് നിന്നും ചിറ്റൂരിൽ നിന്നും മണ്ണുത്തി കാർഷിക സർവകലാശാലയിലേക്കും എലവഞ്ചേരിയിൽ നിന്ന് സിവിൽ സ്റ്റേഷനിലേക്കും ബോണ്ട് സർവീസുണ്ട്.

ആവശ്യമെങ്കിൽ കൂടുതൽ സർവീസ്

ബോണ്ട് സർവീസ് പ്രകാരം യാത്ര ചെയ്യാൻ താല്പര്യമുള്ള സർക്കാർ, സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥർ 9447152425, 8943489389 എന്നീ നമ്പറുകളിലോ പാലക്കാട് ഡിപ്പോയിൽ നേരിട്ടോ ബന്ധപ്പെടണം. കൂടുതൽ യാത്രക്കാർ ആവശ്യപ്പെടുന്ന പക്ഷം പുതിയ സർവീസ് തുടങ്ങും. പാസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഡിപ്പോയിൽ തയ്യാറാക്കും.