നല്ലേപ്പിള്ളിയിൽ കൊവിഡ് വ്യാപനം രൂക്ഷം
ചിറ്റൂർ: നല്ലേപ്പിള്ളിയിലെ വിവിധ വാർഡുകളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ദിവസങ്ങൾക്ക് മുമ്പുണ്ടായ സമൂഹവ്യാപന തോത് ജനങ്ങളെ ഭീതിയിലാക്കി. മാനാംകുറ്റി ആറാംവാർഡ് കൗണ്ടൻകളത്ത് ഒരു കുടുംബത്തിലെ ആറുപേർക്ക് രണ്ടുദിവസം മുമ്പ് രോഗം സ്ഥിരീകരിച്ചു. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. അഞ്ചാംവാർഡ് ടൗണിൽ മാട്ടുമൊന്ത കഴിമേട്ടിൽ ഒരു കുടുംബത്തിൽ ഒരു വയസായ കുഞ്ഞുൾപ്പെടെ നാലുപേർക്കും രോഗമുണ്ട്.
ഒന്ന്, രണ്ട്, മൂന്ന്, വാർഡുകളിലെ ചെട്ടികുളം, എരട്ടക്കുളം, അപ്പുപ്പിള്ളയൂർ, അത്തിക്കോട് ഭാഗങ്ങളിൽ നിരവധി പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെയെല്ലാം ദിവസേന കൊവിഡ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. രോഗവ്യാപനം കൂടുതലും സമ്പർക്കത്തിലൂടെയാണ്. നേരത്തെ പഞ്ചായത്തുകളിൽ ക്വാറന്റൈയിൻ കേന്ദ്രങ്ങൾ സജ്ജമാക്കിയിരുന്നെങ്കിലും പിന്നീട് ഇവയെല്ലാം നിറുത്തലാക്കിയതോടെ രോഗലക്ഷണം കാണുന്നവർക്ക് വീടുകളിൽ തന്നെ നിരീക്ഷണം നിർദ്ദേശിക്കുകയാണ്. ഇവർ കുടുംബത്തോടൊപ്പം കഴിയാൻ ഇടവരുന്നതിനാലാണ് മുഴുവൻ അംഗങ്ങൾക്കും രോഗം പകരുന്നത്.
ക്വാറന്റൈയിൻ ഫലപ്രദമായ രീതിയിലല്ലെങ്കിൽ രോഗം രൂക്ഷമായി വ്യാപിക്കാനും സാദ്ധ്യതയുണ്ട്. ഈ ഘട്ടത്തിലും ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെയാണ് പ്രവർത്തിക്കുന്നത്. നല്ല തിരക്കാണ് മിക്കയിടങ്ങളിലും. പൊലീസും ആരോഗ്യവകുപ്പും മാർഗ നിർദേശങ്ങൾ നൽകുന്നുണ്ടെങ്കിലും അകലം പാലിക്കൽ പോലുള്ള കരുതൽ നാമമാത്രമാണ്. ആരോഗ്യവകുപ്പ്, പൊലീസ്, പഞ്ചായത്ത് അധികൃതർ കരുതൽ നടപടി കർശനമാക്കേണ്ടത് അത്യാവശ്യമാണ്. ചിറ്റൂർ-തത്തമംഗലം നഗരസഭ, കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി, പെരുമാട്ടി, പട്ടഞ്ചേരി, പെരുവെമ്പ്, പുതുനഗരം, എലപ്പുള്ളി, പൊൽപ്പുള്ളി പഞ്ചായത്തുകളിലും കൊവിഡ് വ്യാപനമുണ്ട്.