ആകെയുള‌ളത് തുമ്മലും ജലദോഷവും; മെഡിക്കൽ കൊളേജിൽ കൊവിഡ് ചികിത്സയിലും ഉത്സാഹം കുറയാതെ മന്ത്രി തോമസ് ഐസക്ക്

Tuesday 08 September 2020 6:38 PM IST

തിരുവനന്തപുരം: ഞായറാ‌ഴ്‌ചയാണ് മന്ത്രി തോമസ് ഐസക്കിന് കോവിഡ് പോസി‌റ്റീവാണെന്ന് ആന്റിജൻ പരിശോധനയിൽ തെളിഞ്ഞത്. നേരിയ ജലദോഷവും തുമ്മലും മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. പരിശോധനയിൽ രോഗം തെളിഞ്ഞതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മന്ത്രി ചികിത്സയ്‌ക്കിടയിലും തന്റെ ജോലി തുടരുകയാണ്.

ധനവകുപ്പിലെ ഭരണകാര്യങ്ങൾ ഫോൺവിളിച്ച് അന്വേഷിച്ചും സർക്കാർ കാര്യങ്ങളും മ‌റ്റ് നാട്ടിലെ വിവിധ വിഷയങ്ങൾ സൂചിപ്പിക്കുന്ന ഫേസ്ബുക്ക് ഇടപെടലുകൾ നടത്തിയും രോഗത്തിന്റെ വിശ്രമത്തിലും കർമ്മനിരതനാണ് മന്ത്രി. ഓഫീസിലെ പെഴ്‌സണൽ സ്‌റ്റാഫും, മ‌റ്റ് ജീവനക്കാരുമെല്ലാം മന്ത്രിക്ക് രോഗമെന്ന് അറിഞ്ഞതോടെ സ്വയം നിരീക്ഷണത്തിലാണ്. ഇവർക്കാർക്കും പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.

സെക്രട്ടറി‌യേ‌റ്റിലെ ധനമന്ത്രിയുടെ ഓഫീസ് രണ്ട് ദിവസത്തേക്ക് അടച്ചു. രോഗം പിടിപെട്ടത് ആരിൽ നിന്നാണെന്ന് കണ്ടെത്താനാകാത്തതിനാൽ ഇന്ന് മന്ത്രിയെ വിശദ പരിശോധനക്ക് വിധേയനാക്കും. സർക്കാരിന്റെ 100 ഇന പരിപാടിയിൽ പെട്ട ഉയർത്തിയ നിരക്കിലുള‌ള സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതി നടപ്പാക്കി തുടങ്ങിയ വിവരം അറിയിച്ചും സ്വാതന്ത്ര്യ സമര സേനാനികളുടെ പുതിയ ലിസ്‌റ്റ് പുറത്തിറക്കുന്ന കേന്ദ്ര തീരുമാനത്തിനെ എതിർത്തും സമൂഹമാദ്ധ്യമത്തിൽ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട് ധനമന്ത്രി. ഇന്നലെയും കിഫ്ബി പദ്ധതികളെ കുറിച്ചും മ‌‌റ്റും ഫേസ്‌ബുക്കിൽ പോസ്‌റ്റ് ചെയ്‌ത് കർമ്മനിരതനായി രോഗത്തെ വകവയ്‌ക്കാതെ സജീവമായി തന്നെ നിൽക്കുകയാണ് മന്ത്രി.