കൊവിഡ്, കാലാവധിക്കുറവ്: ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ സർക്കാർ

Wednesday 09 September 2020 12:00 AM IST

തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടണമെന്ന് യു.ഡി.എഫ്

തിരുവനന്തപുരം: കൊവിഡിനെത്തുടർന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 4- 5 മാസം മാത്രം കാലാവധി അവശേഷിക്കുന്നതിനാലും

കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ സർക്കാർ നീക്കം. ഇക്കാര്യത്തിൽ പിന്തുണ തേടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഇന്നലെ മുഖ്യമന്ത്രി ടെലിഫോണിൽ ബന്ധപ്പെട്ടു.

യു.ഡി.എഫ് യോഗം ചേരുന്നതിന് മുമ്പായിരുന്നു മുഖ്യമന്ത്രിയുടെ വിളി. സർവകക്ഷിയോഗം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനോട് വിഷയമുന്നയിക്കുന്നതിനെപ്പറ്റിയാണ് മുഖ്യമന്ത്രി അഭിപ്രായമാരാഞ്ഞത്. മുന്നണിയുടെ അഭിപ്രായം തേടട്ടെയെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചതിനെ തുടർന്ന് യു.ഡി.എഫ് യോഗത്തിൽ അദ്ദേഹം മുഖ്യമന്ത്രിയുടെ ആവശ്യം അവതരിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുകൾകൂടി നീട്ടിവയ്ക്കണമെന്നായിരുന്നു മുന്നണിയോഗത്തിലെ പൊതുവികാരം. ഇക്കാര്യം അറിയിക്കാൻ പ്രതിപക്ഷനേതാവിനെ യോഗം ചുമതലപ്പെടുത്തി.

നവംബറിൽ കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾക്കാണ് കമ്മിഷൻ തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാനത്ത് നിന്ന് കക്ഷികൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടാലേ കമ്മിഷൻ ഇക്കാര്യം പരിഗണിക്കാനിടയുള്ളൂ. അതിനാണ് പ്രതിപക്ഷ പിന്തുണ സർക്കാർ തേടിയത്. സംസ്ഥാന നിയമസഭയ്ക്ക് ഇനി എട്ട് മാസത്തെ കാലാവധിയാണുള്ളത്. വിജയിച്ചുവരുന്നവർക്ക് അടുത്ത പൊതുതിരഞ്ഞെടുപ്പിനുള്ള പെരുമാറ്റച്ചട്ടം നിലവിൽ വരുന്ന ഏപ്രിൽ വരെയേ പ്രവർത്തനകാലാവധി കാണൂ. അതനുസരിച്ച് പരമാവധി അഞ്ച് മാസം കിട്ടുമായിരിക്കും.