2,​878 ടൺ ധാന്യം കേടായെന്ന റിപ്പോർട്ട്: ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം

Wednesday 09 September 2020 12:02 AM IST

തിരുവനന്തപുരം:ഭക്ഷ്യസുരക്ഷാ ഗോഡൗണുകളിൽ ടൺ കണക്കിന് ധാന്യം നശിക്കാൻ കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. വകുപ്പ് മന്ത്രി പി.തിലോത്തമന്റേതാണ് തീരുമാനം. വകുപ്പ് സെക്രട്ടറി,​ സിവിൽ സപ്ളൈസ് ഡയറക്ടർ,​ സപ്ലൈകോ എം.ഡി എന്നിവരുടെ നേതൃത്വത്തിലാകും അന്വേഷണം. ഉത്തരവ് ഉടൻ ഇറങ്ങും.

2,​878.447 ടൺ ധാന്യം കേടായെന്നും ഇതിൽ 1563.955 ടൺ വൃത്തിയാക്കി ഭക്ഷ്യയോഗ്യമാക്കാമെന്നും സിവിൽ സപ്ളൈസിന്റെ അന്വേഷണ സംഘം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. സർക്കാരിന് ഭീമമായ നഷ്ടം വരുത്തിയതിന്റെ കാരണങ്ങളോ ജീവനക്കാരുടെ പങ്കോ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ലായിരുന്നു. അതുകൊണ്ടാണ് വീണ്ടും അന്വേഷണം ആരംഭിക്കുന്നത്.

ഡിപ്പോ അധികാരികൾ മുതൽ ഡിപ്പോയിലെ തൊഴിലാളികൾ വരെ അന്വേഷണ പരിധിയിലുണ്ട്. ഡിപ്പോയിൽ നിന്ന് കരി‌ഞ്ചന്തിയിലേക്ക് ധാന്യം കടത്തുന്ന അരിയുമായി ലോറികൾ പിടികൂടിയെങ്കിലും ജീവനക്കാരുടെ പങ്ക് അപ്പോഴും അന്വേഷിച്ചിരുന്നില്ല.

വൃത്തിയാക്കാവുന്ന അരിയും ഗോതമ്പും ഉൾപ്പെടെ കേടായ 2,​878.447 ടൺ ധാന്യത്തിൽ ഭക്ഷ്യയോഗ്യമാക്കാവുന്ന 1563.955 ടൺ ഒഴികെയുള്ളത് നശിപ്പിക്കേണ്ടെന്നും കാലിത്തീറ്റയ്ക്കും വളത്തിനും ഉപയോഗിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

 തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് കേരളകൗമുദി

1892 ടൺ അരിയും 627 ടൺ ഗോതമ്പും ഉൾപ്പെടെ 2519 ടൺ ധാന്യം കേടായെന്ന് ഗോഡൗൺ അധികൃതർ സർക്കാരിന് റിപ്പോർട്ട് നൽകിയതായി കേരളകൗമുദി ജൂൺ 23ന് വാർത്ത പ്രസിദ്ധീകരിച്ചപ്പോഴാണ് പുറംലോകം അറിയുന്നുത്. കേടായ ധാന്യം നശിപ്പിക്കാനുള്ള നീക്കം വൻ വെട്ടിപ്പിനാണെന്നും വാർത്തയിൽ ചൂണ്ടികാട്ടിയിരുന്നു.

തുടർന്ന് നടന്ന അന്വേഷണത്തിലാണ് 2,​878.447 ടൺ ധാന്യം കേടായെന്നും അതിൽ 1563.955 ടൺ ധാന്യം വൃത്തിയാക്കി ഭക്ഷ്യയോഗ്യമാക്കാമെന്നും കണ്ടെത്തിയത്.

'സർക്കാർ കർശന നിലപാട് എടുത്താലേ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കൂ. അതുകൊണ്ടാണ് അന്വേഷണം''.

- പി. തിലോത്തമൻ,​ ഭക്ഷ്യമന്ത്രി