കണ്ണൂർ കണ്ണവത്ത് എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊന്നു

Thursday 10 September 2020 12:07 AM IST

കണ്ണവത്ത് കൊല്ലപ്പെട്ട എസ്‌.ഡി.പി.ഐ.പ്രവർത്തകൻ സലാഹുദ്ദീൻ

കൂത്തുപറമ്പ് (കണ്ണൂർ): ചിറ്റാരിപ്പറമ്പിനടുത്ത് ചുണ്ടയിൽ എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കണ്ണവത്തെ ലത്തീഫിയ ഹൗസിൽ സയ്യിദ് യാസിൻ കോയ തങ്ങളുടെയും നുസൈബയുടെയും മകൻ സയ്യിദ് സലാഹുദ്ദീൻ (31) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.40 ഓടെ സഹോദരിമാർക്കൊപ്പം കാറിൽ സഞ്ചരിക്കവേ വാഹനം തടഞ്ഞുനിറുത്തി ഒരു സംഘം സലാഹുദ്ദീനെ ആക്രമിക്കുകയായിരുന്നു.

കഴുത്തിലും തലയ്ക്കും ആഴത്തിൽ വെട്ടേറ്റ യുവാവിനെ ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. എ.ബി.വി.പി പ്രവർത്തകനായിരുന്ന കണ്ണവത്തെ ശ്യാമപ്രസാദ് കൊല്ലപ്പെട്ട സംഭവത്തിൽ ഏഴാം പ്രതിയായിരുന്നു എസ്.ഡി.പി.ഐ യുടെ സജീവപ്രവർത്തകനായിരുന്ന സലാഹുദ്ദീൻ. 2018ൽ നടന്ന കൊലപാതകത്തിനുശേഷം ഏറെക്കാലം ഒളിവിലായിരുന്ന യുവാവ് അടുത്ത കാലത്ത് കോടതിയിൽ ഹാജരായ ശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു.

കൊലപാതകത്തിനു പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് എസ്.ഡി.പി.ഐ.ആരോപിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ജില്ലാ പൊലീസ് മേധാവി യതീശ് ചന്ദ്ര, തലശ്ശേരി ഡി.വൈ.എസ്.പി മൂസവള്ളിക്കാടൻ, ഇരിട്ടി ഡി.വൈ.എസ്.പി സജേഷ് വാഴവളപ്പിൽ, കണ്ണവം സി. ഐ കെ.സുധീർ, കൂത്തുപറമ്പ് സി.ഐ ബിനു മോഹൻ, പാനൂർ സി.ഐ ഫായീസ് അലി തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചു. കണ്ണവം പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. ഭാര്യ:നജീബ (മുതിയങ്ങ) മക്കൾ: അസ്വസലാം, ഹാദിയ. സഹോദരങ്ങൾ: നിസാമുദ്ദീൻ, ഫസലുദ്ദിൻ, ലത്തീഫ, സാഹിദ, സഹിദയ.