തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങിയെന്ന് കമ്മിഷൻ കോടതിയിൽ
Wednesday 09 September 2020 1:31 AM IST
കൊച്ചി: നിലവിലെ ഭരണ സമിതികളുടെ കാലാവധി കഴിയുന്ന നവംബർ 11നകം തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്നും തീയതി നിശ്ചയിച്ചിട്ടില്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു. ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും അറിയിച്ചു.കൊവിഡ് സാഹചര്യത്തിൽ തിരഞ്ഞെടുപ്പു നടത്തുന്നതിനെ കുറിച്ച് ഹെൽത്ത് ഡയറക്ടറുമായി ചർച്ച നടത്തിയിരുന്നു. രാഷ്ട്രീയ പാർട്ടികളുമായും മറ്റും ചർച്ച നടത്തി തീയതി തീരുമാനിക്കുമെന്നും കമ്മിഷൻ ബോധിപ്പിച്ചു.
കൊവിഡ് പശ്ചാത്തലത്തിൽ ആറു മാസത്തേക്ക് നീട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് റാഫി നൽകിയ ഹർജിയിലാണ് തിരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരണ പത്രിക നൽകിയത്. എപ്പോൾ, എങ്ങനെ നടത്തണമെന്ന കാര്യം ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചും സ്ഥിതിഗതികൾ സമഗ്രമായി വിലയിരുത്തിയും തീരുമാനിക്കും.