ബി.ജെ.പിയുടെ വോട്ടും സ്വീകരിക്കും: പി.ജെ.ജോസഫ്
കുട്ടനാട്: ബി.ജെ.പി ഉൾപ്പെടെയുള്ള എല്ലാവരുടേയും വോട്ട് സ്വീകരിക്കുമെന്നും ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്നും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ. ജേക്കബ് എബ്രഹാമിന്റെ വിജയം സുനിശ്ചിതമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമങ്കരി സർവ്വീസ് കോ ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ പാർട്ടിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് വിജയത്തിന് ചിഹ്നമൊരു പ്രശ്നമല്ല. ജനസ്വാധീനമാണ് പ്രധാനം. ഇതിനു മുമ്പ് സൈക്കിൾ, ആന, കുതിര തുടങ്ങിയ ചിഹ്നങ്ങളിലൊക്കെ മത്സരിച്ചിട്ടുണ്ട്. അന്നൊക്കെ വിജയിച്ചിട്ടുമുണ്ട്. ചിഹ്നത്തിന്റെ കാര്യത്തിൽ രണ്ടു ദിവസത്തിനകം തീരുമാനമാകും. കഴിഞ്ഞ മൂന്ന് തവണയായി നല്ലൊരു എം.എൽ.എ ഇല്ലാത്തത് നാടിന്റെ വികസനം മുരടിപ്പിച്ചെന്നും പി.ജെ. ജോസഫ് പറഞ്ഞു. ഇക്കുറി തന്റെ വിജയം ഉറപ്പാണെന്ന് സ്ഥാനാർത്ഥി അഡ്വ. ജേക്കബ് എബ്രഹാമും വ്യക്തമാക്കി.തുടർന്ന് നടന്നയോഗം പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു.