'സ്റ്റൈൽ മന്നനായി' ഗുന്തർ മുത്തശ്ശൻ, അഴകിയ റാണിയായി ബ്രിട്ട് മുത്തശ്ശി
ബെർലിൻ: വാർദ്ധക്യത്തിൽ എത്തിയാൽ ജീവിതം തീർന്നു എന്ന ചിന്തയാണ് പലർക്കുമുള്ളത്. പക്ഷേ, ജർമ്മൻകാരായ ബ്രിട്ട് കഞ്ചയും ഗുന്തർ കെർബെനോഫ്റ്റും വാർദ്ധക്യം ആഘോഷമാക്കുകയാണ്. സൂപ്പർ മോഡലുകളേക്കാൾ ഫാഷനബിളായി നടക്കുന്ന ഇവരെ ലോകത്തിലെ ഏറ്റവും സ്റ്റൈലിഷായ പ്രായമേറിയ ദമ്പതിമാരെന്നാണ് സമൂഹമാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. ഗുന്തർ മുത്തശ്ശൻ 'ഹിപ്‌സ്റ്റെർ ഗ്രാൻഡ് പാ" എന്ന പേരിൽ സാമൂഹ്യമാദ്ധ്യമങ്ങളിലെ താരമാണ്. അദ്ദേഹത്തിന്റെ ഡാൻസിംഗ് സ്റ്റില്ലുകൾക്കും എക്‌സർസൈസ് വീഡിയോകൾക്കുമെല്ലാം ആരാധകരേറെയാണ്.
നാട്ടിലെ ആഘോഷങ്ങളിൽ മുതൽ യാത്രകളിൽ വരെ നല്ല സ്‌റ്റൈലൻ വസ്ത്രങ്ങളാണ് ഇരുവരും അണിയുന്നത്. നൈറ്റ് പാർട്ടിയിലും ക്ലബ്ബുകളിലുമൊക്കെ സജീവസാന്നിദ്ധ്യമാണ് ഇരുവരും. വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നതും ഇരുവരും ചേർന്നാണ്. ആകർഷകമായ നിറങ്ങളുള്ള കപ്പിൾ ഡ്രെസുകളാണ് ഇരുവരും മിക്കവാറും ധരിക്കുന്നത്.
'ഞാനൊരിക്കലും ഒരു സ്റ്റൈലിസ്റ്റല്ല. എന്നാൽ, എപ്പോഴും വ്യത്യസ്തനായിരിക്കണമെന്ന് എന്റെ മാതാപിതാക്കൾ പറഞ്ഞിരുന്നു.' ഗുന്തർ പറയുന്നു.
ഗുന്തർ ഷെഫും ബ്രിട്ട് പ്രൊഫഷണൽ ഡാൻസറും ആയിരുന്നു.
ബ്രിട്ടിന് മനോഹരമായ തൊപ്പികൾ, ലക്ഷ്വറി ഷൂസ്, ബ്രൈറ്റർ ആക്‌സസറീസ് എന്നവയോടാണ് താത്പര്യം. ഗുന്തർ ക്ലാസിക്കും പക്ഷേ പുതിയതുമായ ട്രെൻഡിന്റെ ആരാധകനാണ്. റൗണ്ട് ഗ്ലാസും ത്രീപീസ് സ്യൂട്ടും ഒപ്പം ഊന്നു വടിയും. 'ഞാൻ 30 വർഷം മുമ്പാണ് ബർലിനിലെ ക്രൂസ്‌ബെർ ഗിൽ വന്നത്. അന്ന് ഇവിടെ എല്ലാവരെയും പോലെ ബ്ലാക്ക് സ്യൂട്ടായിരുന്നു എന്റെയും വേഷം. പിന്നെയാണ് അതിന് മാറ്റം വരുത്തിയത് ' - ഗുന്തർ പറയുന്നു. ഹിപ്‌സ്റ്റെർ ഗ്രാൻഡ് പായുടേയും ഭാര്യയുടേയും പ്രായം സംബന്ധിച്ചും സമൂഹമാദ്ധ്യമങ്ങളിൽ
വാദപ്രതി വാദം നടക്കാറുണ്ട്. ചിലർ പറയുന്നത് അദ്ദേഹത്തിന് 100 വയസ് പിന്നിട്ടെന്നാണ്. ചിലരാകട്ടെ, ഗ്രാൻഡ് പായ്ക്ക് 70 വയസിനുള്ളിലാണ് പ്രായമെന്ന് പറയുന്നു. പ്രായമെത്ര തന്നെ ആയാലും ഹിപ്‌സ്റ്റെർ ഗ്രാൻഡ് പായും ഭാര്യയും 'കിടിലങ്ങൾ' തന്നെയെന്ന് ആരാധകർ!.