ആക്ഷേപിക്കല്ലേ, ഉള്ള് നീറി റെജിൻ
പറവൂർ : അഭിനന്ദിച്ചില്ലെങ്കിലും ആക്ഷേപിക്കരുത്. പറയുന്നത് പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ മാല്യങ്കര സ്വദേശി റെജിനാണ്. കാരണം മറ്റൊന്നുമല്ല, രക്ഷപ്പെടുത്തിയത് തങ്ങളെന്ന് അവകാശപ്പെട്ട് ഫയർഫോഴ്സ് രംഗത്ത് എത്തിയതിന് പിന്നാലെ സമൂഹ്യ മാദ്ധ്യമങ്ങളിലൂടെയുള്ള പരിഹാസം അതിരു കടന്നതാണ്.കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് പറവൂർ പാലത്തിന് മുകളിൽ നിന്നും യുവതി പുഴയിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഈ സമയം ഇതുവഴി കാറിൽ വരികയായിരുന്നു റെജിൻ. ഉടൻ തന്നെ തന്റെ വിലപിടിപ്പുള്ള മാലയും മറ്റും അപരിചിതയായ ഒരു സ്ത്രീയെ ഏർപ്പിച്ച് റെജിൻ പുഴയിലേക്ക് ചാടി. നീന്തി അടുത്ത് ചെന്ന് യുവതിയെ പിടികൂടി. തുടർന്ന് ബസ് ജീവനക്കാർ നൽകിയ വടം ഉപയോഗിച്ച് പാലത്തിന്റെ തൂണിൽ എത്തിച്ചു. സംഭവമറിഞ്ഞ് എത്തിയ ഫയർഫോഴ്സ് ഇരുവരേയും റബർ ബോട്ടിൽ കയറ്റി കടവിലെത്തിക്കുകയും യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. റെജിന്റെ ധീരതയെ പൊലീസും നാട്ടുകാരും സ്ഥലത്തുവച്ചു തന്നെ അഭിനന്ദിച്ചു. സംഭവമറിഞ്ഞ് റെജിന്റെ സുഹൃത്തുക്കൾ ഫോട്ടോ സഹിതം സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ആദ്യം അഭിനന്ദന പ്രവാഹമായിരുന്നെങ്കിലും പിന്നീട് രണ്ട് പേരെയും രക്ഷിച്ചെന്നെ അവകാശവാദം ഫയർഫോഴസിൽ നിന്നുണ്ടായതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. എന്നാൽ റെജിനാണ് യുവതിയെ രക്ഷിച്ചതെന്നും ഫയർഫോഴ്സ് വൈകിയാണെത്തിയതെന്നും വടക്കേക്കര പൊലീസ് വിശദീകരിച്ചെങ്കിലും ഇതൊന്നും പരിഹാസത്തിന് കുറവില്ല. ചെന്നൈ സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ച യുവതി . ചെറിയ പല്ലംതുരുത്തിലാണ് താമസം. രണ്ട് മാസം മുമ്പ് ഇവരുടെ ഭർത്താവ് തൂങ്ങി മരിച്ചിരുന്നു.