സ്വർണക്കടത്ത്: ബംഗളൂരു ലഹരി കേസ് പ്രതികൾക്ക് ബന്ധമുണ്ടെന്ന് ഇ.ഡി

Thursday 10 September 2020 12:16 AM IST

കൊച്ചി : ബംഗളൂരു ലഹരിമരുന്നു കേസിലെ പ്രതികൾക്ക് നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും കേസിൽ ഒരു ഉന്നത വ്യക്തിയെ ചോദ്യംചെയ്യുകയാണെന്നും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയിൽ വ്യക്തമാക്കി. പി.എസ്. സരിത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ റിമാൻഡ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടുള്ള റിപ്പോർട്ടിലാണ് ബിനീഷ് കോടിയേരിയുടെ പേരുപറയാതെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതർ ലഹരിക്കേസിന്റെ വിവരങ്ങൾ ബംഗളൂരു നർക്കോട്ടിക് കൺട്രോൾ ബ്യൂറോയോടും സ്വർണക്കടത്തിന്റെ വിവരങ്ങൾ അവർ എൻഫോഴ്സ്‌മെന്റിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗളൂരു ലഹരിമരുന്നു കേസിലെ പ്രതികൾ സ്വർണക്കടത്തിനു സഹായിച്ചിരുന്നതായി സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സ്വർണക്കടത്തു കേസിലുൾപ്പെട്ട ഇരുപതിലേറെപ്പേരെ ചോദ്യംചെയ്യാനുണ്ട്. ഈ സാഹചര്യത്തിൽ പ്രതികൾ ജുഡിഷ്യൽ കസ്റ്റഡിയിൽ തുടരേണ്ടത് അനിവാര്യമാണെന്നും ജാമ്യംനൽകിയാൽ തെളിവു നശിപ്പിക്കാനുമിടയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മുഖ്യപ്രതി സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുണ്ടെന്നും എം. ശിവശങ്കറുമായി ഇവർക്ക് അടുപ്പമുണ്ടെന്നും ആവർത്തിച്ചിട്ടുണ്ട്. അസി. ഡയറക്ടർ പി. രാധാകൃഷ്‌ണന്റെ റിപ്പോർട്ട് പരിഗണിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മൂന്നു പ്രതികളുടെയും റിമാൻഡ് കാലാവധി 23 വരെ നീട്ടി.