വൈദ്യുത കാന്തിക കവചത്തിന് പോളിമർ :എം.ജി.ക്ക് പേറ്റന്റ്, മൊബൈൽ, ഇലക്‌ട്രോണിക് വ്യവസായത്തിൽ വലിയ മാറ്റത്തിന് വഴിതെളിക്കും
കോട്ടയം: മൊബൈൽ ഫോണടക്കം ഇലക്‌ട്രോണിക് ഉപകരണങ്ങൾ പുറപ്പെടുവിക്കുന്ന വൈദ്യുത കാന്തിക തരംഗങ്ങളെ തടയാൻ എം. ജി. സർവകലാശാല വികസിപ്പിച്ച പദാർത്ഥത്തിന് കേന്ദ്രസർക്കാരിന്റെ പേറ്റന്റ് ലഭിച്ചു.
സർവകലാശാലയിലെ നാനോ ടെക്‌നോളജി സെന്ററാണ് പോളിമർ സംയുക്തങ്ങളെ അടിസ്ഥാനമാക്കിയുള്ള പദാർത്ഥം വികസിപ്പിച്ചത്. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, ഡയറക്ടർ പ്രൊഫ. നന്ദകുമാർ കളരിക്കൽ, ഡോ. മുഹമ്മദ് ആരിഫ് എന്നിവരുടെ സംയുക്ത ഗവേഷണത്തിന്റെ ഫലമാണിത്.
കട്ടിയും ഭാരവും കുറഞ്ഞ പദാർത്ഥത്തിന്റെ കണ്ടുപിടിത്തം മൊബൈൽ ഫോൺ വ്യവസായത്തിലും ഇലക്‌ട്രോണിക് വ്യവസായത്തിലും വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും. ഇപ്പോൾ മൊബൈൽ ഫോണിലടക്കം ലോഹ പദാർത്ഥങ്ങളാണ് വൈദ്യുത കാന്തിക തരംഗങ്ങൾ തടയാൻ കവചമായി ഉപയോഗിക്കുന്നത്. ഇതിനേക്കാൾ ഭാരവും കട്ടിയും കുറഞ്ഞ നോവൽ കാർബൺ നാനോട്യൂബ് അധിഷ്ഠിത പോളിമർ മിശ്രിതമാണ് പുതുതായി വികസിപ്പിച്ചത്.
കേന്ദ്ര ഇലക്‌ട്രോണിക് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയമാണ് ഗവേഷണത്തിന് ധനസഹായം നൽകിയത്. പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് ഉപയോഗപ്രദമായ പദാർത്ഥങ്ങൾ നിർമ്മിക്കുന്ന നിരവധി ഗവേഷണങ്ങൾ നാനോ ടെക്നോളജി സെന്ററിൽ പുരോഗമിക്കുകയാണ്. 2015 മാർച്ചിലാണ് പേറ്റന്റിനായി അപേക്ഷിച്ചത്.