ജീവനൊടുക്കാൻ തുനിഞ്ഞത് മൂന്നു തവണ; ഇനിയില്ല ആ നിമിഷത്തിലേക്ക്

Thursday 10 September 2020 12:11 AM IST

കോഴിക്കോട്: വെറും ഒരു നിമിഷത്തെ തോന്നൽ; ആത്മഹത്യ മനസ്സിലേക്ക് തള്ളിക്കയറുന്നത് അങ്ങനെയാണ്. ആ ഒരു നിമിഷം കടക്കുന്നത് ചിലപ്പോൾ ഫലിക്കാത്ത ശ്രമത്തിലൂടെയാവാം. പിന്നെ ജീവിതത്തിലേക്കുള്ള മടക്കയാത്ര.

മൂന്നു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ച ശേഷം ജീവതത്തെ മുറുകെപ്പിടിച്ച കോഴിക്കോട്ടെ വീട്ടമ്മ ഇത് പറയുമ്പോൾ ആ നിമിഷങ്ങളെ സ്വയം പഴിക്കുകയാണ്. ഉറ്റവർ മനസ്സിലാക്കുന്നില്ലെന്ന വല്ലാത്ത വേദന ഒരു വശത്ത്. തന്നെ തിരിച്ചറിയാനാവുന്നില്ലല്ലോ എന്ന ആധി മറുവശത്ത്. മനസ്സിൽ സംഘർഷം നിറയുമ്പോൾ ആ തോന്നൽ വരാൻ നേരമേറെ വേണ്ട; മൂന്നു വട്ടം കടന്നുനീങ്ങിയ ദുരനുഭവങ്ങൾ കഥ പോലെ കോർത്തിണക്കുകയായിരുന്നു വീട്ടമ്മ.

ആ മൂന്ന് തവണയും എന്റെ മുന്നിൽ ആത്മഹത്യയല്ലാതെ മറ്റൊരു വഴി മുന്നിലില്ലായിരുന്നു. അങ്ങനെയൊരു നിമിഷം ആരുടെയും ജീവിതത്തിലുണ്ടാകാം.

ഓരോ തവണ മരണത്തിൽ നിന്ന് രക്ഷപ്പെട്ടപ്പോഴും ജീവിതത്തോട് വെറുപ്പ് തന്നെയായിരുന്നു. മരണത്തോട് അടങ്ങാത്ത പ്രണയവും. രക്ഷപ്പെട്ടെന്ന് അറിയുമ്പോൾ നിരാശയായിരുന്നു മനസ്സ് നിറയെ. എങ്ങനെയെങ്കിലും മരിക്കണമെന്ന് മാത്രമായിരുന്നു ചിന്ത.

ആദ്യം ആത്മഹത്യയ്ക്ക് മുതിർന്നത് 1999-ലാണ്. ഭർത്താവിനൊപ്പം ഊട്ടിയിലായിരുന്നു അന്ന് താമസം. സ്വന്തം വീട്ടുകാരെയും ബന്ധുക്കളെയും ഏറെ നാൾ കാണാതിരുന്നപ്പോൾ ശരിയ്ക്കും ഒറ്റപ്പെട്ടു പോയെന്ന അവസ്ഥയിൽ തളർന്നു പോയി. ഭർത്താവിനോട് സംസാരിക്കാതെയായി. സ്വയം വീടിനുള്ളിൽ ഒതുങ്ങി. എന്താണ് പ്രശ്നമെന്ന് ആർക്കും മനസ്സിലായില്ല. ഒരു നിമിഷത്തെ തോന്നലിൽ സ്വയം ജീവനൊടുക്കാൻ തുനിഞ്ഞു. പക്ഷേ, ഭർത്താവിന്റെ കണ്ണിൽ പെട്ടതോടെ വീണ്ടും ജീവിത്തിലേക്ക്.

വർഷങ്ങൾ പിന്നിട്ടപ്പോഴായിരുന്നു ഭർത്താവിന്റെ അച്ഛന്റെ വേർപാട്. അത് ഒരു തരത്തിലും താങ്ങാനാവുന്നതായിരുന്നില്ല. അച്ഛനില്ലാതെ വളർന്ന മകൾക്ക് ആ പിതാവ് എന്നും ഒരു കൂട്ടായിരുന്നു. പെട്ടെന്നുള്ള വേർപാട് സഹിക്കാനാവാതെ വീണ്ടും ഫലിക്കാതെ പോയ ആത്മഹത്യാശ്രമം.

മകൾ പിറന്നതോടെ പിന്നെ പുതിയൊരു ജീവിതമായി. അവളെ നന്നായി വളർത്തണമെന്ന ചിന്ത മാത്രം. രണ്ടാമത്തെ കുട്ടിയായി മകനുണ്ടായപ്പോൾ അവന് തൂക്കം തീരെ കുറവായിരുന്നു. അമ്മയുടെ തൈറോയ്ഡാണ് അതിന് കാരണമെന്നറിഞ്ഞത് ഏറെ വേദനിപ്പിച്ചു. ഒന്നര വർഷം മുമ്പായിരുന്നു മൂന്നാമത്തെ ആത്മഹത്യാശ്രമം.

വൈകാതെ സൈക്യാട്രിസ്റ്റ് ഡോ.പി.എൻ.സുരേഷ് കുമാറിന്റെ മുന്നിലെത്തിയത് രക്ഷാവഴിയിലേക്ക് നീങ്ങാനുള്ള നിമിത്തമായി. എന്റെ വിഷമങ്ങളെല്ലാം ഡോക്ടറോട് പങ്കുവെക്കുകയായിരുന്നു. ചിട്ടയോടെയുള്ള ചികിത്സയെ തുടർന്ന് ജീവിതം തിരിച്ചുപിടിക്കുകയായിരുന്നു.