ദേശീയപാത ഭൂമി ഏറ്റെടുക്കലിന് ജീവൻവച്ചു
ഭൂവുടമകളുടെ ഹിയറിംഗ് ആരംഭിച്ചു
കൊല്ലം: കൊവിഡ് ആശങ്കകൾക്കിടയിലും ദേശീയപാത 66ന്റെ വികസനത്തിന് സ്ഥലമേറ്റെടുക്കൽ നടപടികൾ ജില്ലയിൽ ആരംഭിച്ചു. ചേർത്തല - കഴക്കൂട്ടം കോറിഡോറിന്റെ ഭാഗമായുള്ള കടമ്പാട്ടുകോണം മുതൽ ഓച്ചിറ വരെയുള്ള നാലുവരി പാതയ്ക്കാവശ്യമായ ഭൂമി ഏറ്റെടുക്കലാണ് വീണ്ടും ജീവൻവച്ചത്.
3- എ നോട്ടിഫിക്കേഷന് ശേഷം ഭൂമി ഏറ്റെടുത്തുള്ള 3-ഡി നോട്ടിഫിക്കേഷൻ പൂർത്തിയാക്കി ഭൂവുടമകളുടെ ഹിയറിംഗ് ആരംഭിച്ചു. കരുനാഗപ്പള്ളി, കൊല്ലം, പള്ളിമുക്ക്, ചാത്തന്നൂർ എന്നിവിടങ്ങളിലെ ദേശീയപാത ലാൻഡ് അക്വിസിഷൻ തഹസീൽദാർമാർ മുമ്പാകെയാണ് ഹിയറിംഗ്. 60 ഹെക്ടറോളം സ്ഥലമാണ് ഏറ്റെടുക്കുക. ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കമുണ്ടായ ചവറ കെ.എം.എം.എൽ കമ്പനിക്ക് സമീപത്തെ ചില വസ്തുക്കൾ മാത്രമാണ് ഇനി ഏറ്റെടുക്കാനുള്ളത്. ചവറയിലെ തർക്കങ്ങൾ പരിഹരിച്ചതായും 3- ഡി നോട്ടിഫിക്കേഷൻ ഉടനുണ്ടാകുമെന്നും ഡെപ്യൂട്ടി കളക്ടറുടെ ഓഫീസ് അറിയിച്ചു.
വസ്തുക്കളുടെ ആധാരം, കരം അടച്ച രസീത്, പതിനഞ്ച് വർഷമായി ബാദ്ധ്യതയില്ലെന്ന സാക്ഷ്യപത്രം, വസ്തു ഉടമയുടെ തിരിച്ചറിയൽ രേഖകൾ എന്നിവയാണ് ഹിയറിംഗിൽ പരിശോധിക്കുന്നത്. ഈമാസം അവസാനത്തോടെ ഹിയറിംഗ് പൂർത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. കൊവിഡും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും കാരണം നീണ്ടുപോവുകയായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതിനാൽ നിശ്ചിത സമയത്തിനകം പൂർത്തിയാകുമോയെന്ന കാര്യത്തിലും ഉറപ്പില്ല.
ഏറ്റെടുത്ത വസ്തുക്കളിലെ വീടുകൾ, വൃക്ഷങ്ങൾ, കടകൾ, വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾ, കൃഷി സ്ഥലങ്ങൾ എന്നിവയുടെ മൂല്യനിർണയവും നടത്തണം. ഇതിന്റെ തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയാലേ കെട്ടിടങ്ങൾ പൊളിച്ചും വൃക്ഷങ്ങൾ മുറിച്ചുനീക്കിയും വസ്തു റോഡ് നിർമ്മാണത്തിനായി ഏറ്റെടുക്കാനാകൂ. കൊവിഡ് പ്രതിസന്ധി തടസമായില്ലെങ്കിൽ ആറുമാസത്തിനകം ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തീകരിക്കാനാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
ഓച്ചിറ - കടമ്പാട്ടുകോണം: 56.3 കി.മീറ്റർ
നാല് വരിപ്പാത വീതി: 45 മീറ്റർ
ഏറ്റെടുക്കേണ്ട ഭൂമി: 60 ഹെക്ടർ
ഭൂവുടമകൾ: 5000
ചേർത്തല- ഓച്ചിറ- കഴക്കൂട്ടം പദ്ധതി: 7600 കോടി (2018ലെ എസ്റ്റിമേറ്റ് പ്രകാരം)
ചേർത്തല - കഴക്കൂട്ടം: 172.8കി.മീറ്റർ
''
നാല് തഹസീൽദാർമാരുടെ നേതൃത്വത്തിൽ ഹിയറിംഗ് ആരംഭിച്ചു. കൊവിഡ് നിയന്ത്രണമുള്ളതിനാൽ വിദേശത്തും മറ്റുമുള്ള ഭൂവുടമകൾ അസൗകര്യം അറിയിച്ചിട്ടുണ്ട്. ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന ഭൂരേഖകൾ ഇവരെത്തിയെങ്കിലേ പരിശോധിക്കാൻ കഴിയൂ. ഹിയറിംഗും വാല്യുവേഷനും ശേഷം നഷ്ടപരിഹാരം നൽകിയാലേ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകൂ.
ആർ. സുമീതൻ പിള്ള,
സെപ്ഷ്യൽ ഡെപ്യൂട്ടി കളക്ടർ
ലാൻഡ് അക്വിസിഷൻ