കൊവിഡ് മാരി തെയ്യം മുടക്കി ; കൂലിപ്പണി തേടി 'മുത്തപ്പൻ' ശശി
കണ്ണൂർ:മുത്തപ്പൻ കെട്ടിയാടി അനുഗ്രഹം ചൊരിയുന്ന 'കൺകണ്ട തെയ്യ'മായിരുന്നു ശശി. നാട്ടിലെ മടപ്പുരകളിൽ...താവക്കര, ഓലച്ചേരി കാവുകളിൽ...ഷൊർണൂർ മുതൽ മംഗളുരുവരെയുള്ള റെയിൽവേ മുത്തപ്പൻ ക്ഷേത്രങ്ങളിൽ...മുംബയിലും കൊൽക്കത്തയിലും വരെ... ശശി പെരുവണ്ണാന്റെ മുത്തപ്പൻ തെയ്യത്തിന് മുന്നിൽ കൈകൂപ്പി നിന്നത് ആയിരങ്ങൾ..
കൊവിഡ് എല്ലാം മാറ്റിമറിച്ചു...
കണ്ണൂർ എടച്ചൊവ്വ വൈകുണ്ഠത്തിലെ ശശി പെരുവണ്ണാൻ ഇപ്പോൾ ആടയാഭരണങ്ങളും അണിയലങ്ങളും അഴിച്ചുവച്ച് കൂലിപ്പണി തേടി വീടുകൾ കയറിയിറങ്ങുന്നു...കാടും പടർപ്പും വെട്ടും. മറ്റ് ജോലികളും ചെയ്യും. ദിവസം 600 രൂപ കിട്ടും. അനുഗ്രഹം വാങ്ങിയവർ ശശിയെ തിരിച്ചറിഞ്ഞില്ല. ദക്ഷിണ തന്നവരിൽ നിന്ന് കൂലിവാങ്ങാൻ സങ്കാേചമുണ്ട്. മറ്റ് നിവൃത്തിയില്ലല്ലോ...
പെരുവണ്ണാൻ പെരുമ
നോമ്പ് നോറ്റ് കെട്ടിയാടുന്ന മുത്തപ്പൻ സാധാരണ മറ്റു ജോലികൾക്ക് പോകാറില്ല. തുലാം മുതൽ ഇടവം വരെ എട്ടുമാസമാണ് തെയ്യക്കാലം. മാസം ഇരുപതോളം സ്ഥലങ്ങളിൽ മുത്തപ്പൻ കെട്ടുന്നത് ശശിയാണ്. മുംബയ് താനെയിലെ വീരാർ മടപ്പുരയിൽ ഭക്തജനത്തിരക്ക് കാരണം രാവിലെ ഏഴു മണിക്ക് കെട്ടുന്ന കോലം രാത്രി എട്ടുമണി കഴിഞ്ഞാവും അഴിക്കുന്നത്.
പതിന്നാലാം വയസിൽ തുടങ്ങിയതാണ് തെയ്യം കെട്ട്. ഇപ്പോൾ 55 ആയി. സഹായത്തിന് മക്കളായ സനലും അർജുനനും സഹോദരന്റെ മക്കളും. ഇവർക്കെല്ലാം അറിയാവുന്ന പണി തെയ്യം കെട്ട് മാത്രം.
മലയൻ, വണ്ണാൻ, പെരുവണ്ണാൻ തുടങ്ങിയ ഇരുപതോളം സമുദായക്കാരാണ് പരമ്പരാഗതമായി തെയ്യം കെട്ടുന്നത്. മതേതര ദൈവം എന്ന നിലയിൽ പഞ്ചായത്തുതോറും മുത്തപ്പൻ മടപ്പുരകൾ മലബാറിലുണ്ട്. കണ്ണൂർ ജില്ലയിലാണ് കൂടുതൽ.
------------------------
''ഭൂരിഭാഗം തെയ്യക്കാരും ദുരിതത്തിലാണ്. സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചിട്ടില്ല. മറ്റു തൊഴിലുകൾ അറിയാത്തതിനാൽ പലരും പട്ടിണിയിലാണ്".
-സി.വി. അനിൽകുമാർ, സെക്രട്ടറി,
ഉത്തര മലബാർ തെയ്യം അനുഷ്ഠാന
അവകാശ സംരക്ഷണ സമിതി