വ്യവസായ സൗഹൃദം: ഫീഡ് ബാക്ക് കേരളത്തിന് വിനയായി

Friday 11 September 2020 3:39 AM IST

തിരുവനന്തപുരം: രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 28-ാം സ്ഥാനത്തായത് ബന്ധപ്പെട്ടവരിൽ നിന്നുള്ള പ്രതികരണം കൂടി ശേഖരിച്ചപ്പോഴാണെന്ന് നിഗമനം. 2019ലെ ബിസിനസ് റിഫോം ആക്ഷൻ പ്ലാനിന്റെ ഭാഗമായി 187 ദൗത്യങ്ങളാണ് ഓരോ സംസ്ഥാനവും ചെയ്യേണ്ടിയിരുന്നത്.

ഇതിൽ 157 എണ്ണവും (85 ശതമാനം) കേരളം പൂർത്തിയാക്കി. സ്കോറിംഗിലും റാങ്കിംഗിലും മാനദണ്ഡമാക്കിയ വിവരങ്ങളും ഫീഡ്ബാക്ക് സംബന്ധിച്ച വിശദാംശങ്ങളും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുകയോ സൈറ്റിൽ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കാൻ കേന്ദ്രവ്യവസായ വകുപ്പിനെ സമീപിച്ചതായി കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്‌ടർ എസ്. ഹരികിഷോർ പറഞ്ഞു.

2016 മുതൽ ഇതുവരെ 52,137 ചെറുകിട സംരംഭങ്ങളാണ് കേരളത്തിൽ ആരംഭിച്ചത്. നിലവിലുള്ളതിന്റെ 40 ശതമാനവും കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ ആരംഭിച്ചതാണ്. ഇതുവഴി 4,500 കോടി രൂപയുടെ നിക്ഷേപം കേരളത്തിലേക്കെത്തിയെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം കേന്ദ്ര വ്യവസായ വകുപ്പ് പുറത്തുവിട്ട വ്യവസായ സൗഹൃദ പട്ടികയിൽ ആന്ധ്രപ്രദേശാണ് ഒന്നാമത്. രണ്ടാംസ്ഥാനം ഉത്തർപ്രദേശിനും മൂന്നാംസ്ഥാനം തെലങ്കാനയ്ക്കുമാണ്. കഴിഞ്ഞവർഷം 12-ാം സ്ഥാനത്തായിരുന്ന ഉത്തർപ്രദേശ് രണ്ടാംസ്ഥാനത്തെത്തിയപ്പോൾ 21-ാം സ്ഥാനത്തായിരുന്ന കേരളം 28ലേക്ക് പിന്തള്ളപ്പെട്ടു.