പിടിച്ച ശമ്പളം തവണകളായി ഉടൻ തിരിച്ചുകൊടുത്തേക്കും

Friday 11 September 2020 12:55 AM IST

തിരുവനന്തപുരം: കൊവിഡ് സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് സംസ്ഥാന സർക്കാർ ജീവനക്കാരിൽ നിന്ന് ഈടാക്കിയ ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക ഉടൻ ഗഡുക്കളായി തിരിച്ചുനൽകിയേക്കും.

ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള അഞ്ച് മാസത്തെ ശമ്പളത്തിൽ നിന്ന് ആറ് ദിവസത്തെ വീതം ശമ്പളമാണ് സർക്കാർ പിടിച്ചുവച്ചത്. ആഗസ്റ്രിലെ ഗഡുകൂടി പിടിച്ചതോടെ നടപടി പൂർത്തിയായി. തുക തിരിച്ചു നൽകണമെന്ന് സർവീസ് സംഘടനകൾ ആവശ്യപ്പെട്ടു തുടങ്ങിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ആവശ്യം പരിഗണിച്ചേക്കും. പി.എഫിൽ ലയിപ്പിക്കുമെന്നും പറയുന്നുണ്ട്.

ഇക്കാര്യത്തിൽ തീരുമാനം എടുത്തില്ലെന്നാണ് ധനമന്ത്രിയുടെ ഓഫീസ് പറയുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് ജീവനക്കാരെ പിണക്കേണ്ടന്നാണ് പൊതുവേയുള്ള നിലപാട്.

സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്കരണത്തിനുള്ള കമ്മിഷൻ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. റിപ്പോർട്ട് ഡിസംബറിൽ സർക്കാരിന് സമർപ്പിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഈ സാമ്പത്തിക വർഷത്തിൽ ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചേക്കും. ക്ഷാമബത്ത കുടിശ്ശിക, ലീവ് സറണ്ടർ എന്നിവ നൽകാനുണ്ട്. ഇവ വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.