ജോസ് കെ.മാണിയുടെ വരവ്: എൽ.ഡി.എഫിൽ ചർച്ച 18ന്

Friday 11 September 2020 12:12 AM IST

തിരുവനന്തപുരം: കേരള കോൺഗ്രസ്- ജോസ് കെ.മാണി വിഭാഗത്തിന്റെ വരവ് സംബന്ധിച്ച വിഷയം18ന് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ചർച്ച ചെയ്തേക്കും. സി.പി.ഐയുടെ നിലപാട് 23, 24 തീയതികളിൽ ചേരുന്ന സംസ്ഥാന നിർവാഹകസമിതി യോഗം കൈക്കൊള്ളും. 25ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും 26ലെ സംസ്ഥാന കമ്മിറ്റിയും വിഷയം ചർച്ച ചെയ്യും.

യു.ഡി.എഫിനോട് വേർപിരിഞ്ഞതോടെ, ഇനി ജോസ് കെ.മാണിയുടെ ഇടതു പ്രവേശനത്തിന്റെ സമയവും കാലവും മാത്രമേ നോക്കാനുള്ളൂ. ജോസ് വിഭാഗം വഴിയാധാരമാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചത്, ഇടതു പ്രവേശനത്തിന്റെ വിളംബരമായാണ് കണക്കാക്കുന്നത്.

തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ, ജോസ് വിഭാഗത്തിന്റെ കടന്നുവരവ് ഇടതുമുന്നണിക്ക് ഉത്തേജനമാകുമെന്നാണ് സി.പി.എം വിലയിരുത്തൽ. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങളിൽ സർക്കാരിനെതിരെ ആക്രമണം ശക്തമാക്കിയ യു.ഡി.എഫിന്, സ്വന്തം പാളയത്തിൽ നിന്നുതന്നെ അവിശ്വാസമുയർന്നതായി സ്ഥാപിക്കാൻ ഇതിനെ ഇടതുമുന്നണി ഉപയോഗിക്കും.

പിണറായി സർക്കാരിനെതിരെ ജനരോഷം കത്തിക്കാളുമ്പോൾ ജനാധിപത്യ, മതേതര ശക്തികളെല്ലാം സർക്കാരിനെതിരെ ഒന്നിച്ചണിനിരക്കേണ്ട അവസരം യു.ഡി.എഫിലെ കക്ഷി തന്നെ പാഴാക്കിക്കളയുന്നതിൽ നിരാശയുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ. സ്വന്തം മുന്നണിയിലെ കക്ഷിയെപ്പോലും വിശ്വസിപ്പിക്കാനാകാത്ത പൊള്ളയായ ആരോപണങ്ങളാണ് പ്രതിപക്ഷത്തിന്റേത് എന്നതിന് തെളിവായി ഇടതുകേന്ദ്രങ്ങൾ ഇതുയർത്തിക്കാട്ടും.

. കേരള കോൺഗ്രസിന്റെ വരവ് മദ്ധ്യതിരുവിതാംകൂറിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മേൽക്കൈയുണ്ടാക്കുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു. ഇടതു തരംഗമുണ്ടായ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽപ്പോലും ഇടതിനെ കാര്യമായി തുണയ്ക്കാതിരുന്ന എറണാകുളം, കോട്ടയം മേഖലകളിലും ഇത് മാറ്റത്തിന് വഴിയൊരുക്കുമെന്നും .